

തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ സുരക്ഷിതമായ ബലിതര്‍പ്പണം നടത്തുന്നതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അനു കുമാരി. തിരുവല്ലം, ശംഖുമുഖം, വര്‍ക്കല, അരുവിക്കര, വെള്ളായണി, അരുവിപ്പുറം, നെയ്യാറ്റിന്‍കര, കഠിനംകുളം എന്നിങ്ങനെ എട്ടിടങ്ങളിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ഇവിടങ്ങളിലെല്ലാം സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ആകെ ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനായി നോഡല്‍ ഓഫീസറായി സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ് പ്രവര്‍ത്തിക്കും. തിരുവല്ലത്തെ ബലിതര്‍പ്പണ കേന്ദ്രത്തിന്റെ ചുമതലയും സബ് കളക്ടര്‍ക്കാണ്.



വര്‍ക്കലയില്‍ എ.ഡി.എം പ്രേംജി.സിയും ശംഖുമുഖത്ത് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുമാണ് നോഡല്‍ ഓഫീസര്‍മാര്‍. മറ്റിടങ്ങളില്‍ വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരാകും. ഓരോ കേന്ദ്രത്തിലെയും സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ പ്രാദേശികമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നേരത്തെ യോഗം ചേര്‍ന്നിരുന്നു. ചടങ്ങുകള്‍ മുഴുവന്‍ ഹരിതചട്ടം പാലിച്ചു കൊണ്ടായിരിക്കും നടക്കുക. ബലിതര്‍പ്പണത്തിനായി വിവിധ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിയ്ക്കണമെന്നും ബലിതര്‍പ്പണത്തിനായി ഒരുക്കിയ സ്ഥലങ്ങളില്‍ മാത്രം ബലിതര്‍പ്പണം നടത്തി സുരക്ഷിതമായി മടങ്ങി പോകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


