

ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ ടീം ഫോര്‍ കല്ലിന്‍മൂടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ആഗസ്റ്റ് 25 മുതല്‍ 29 വരെ നടക്കും. കല്ലിന്‍മൂട് ഗ്രാമോത്സവം എന്ന പേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. ഒരു ഗ്രാമത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ തൊട്ടുണര്‍ത്തും വിധം വൈവിധ്യങ്ങളായ പരിപാടികളാണ് കല്ലിന്‍മൂട് ഗ്രാമോത്സവത്തില്‍ സംഘാടകര്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്. കല്ലിന്‍മൂട് വാര്‍ഡ് കുടുംബശ്രീയുടെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഓണ വിപണന മേളയും ആഘോഷ പരിപാടികളുടെ ഭാഗമായുണ്ടാകും.

ഓണ വിപണന മേളയുടേയും വയോജന ക്ലബ് അംഗങ്ങള്‍ക്കുള്ള ഓണക്കോടി വിതരണത്തിന്റെയും ഉദ്ഘാടനം ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു അധ്യക്ഷത വഹിക്കും. 3 ദിവസവും വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന കലാസന്ധ്യയില്‍ നൂറില്‍പരം കലാപ്രതിഭകള്‍ പങ്കെടുക്കും. കലാസന്ധ്യയുടെ ഉദ്ഘാടനം അജില്‍ മണിമുത്ത് നിര്‍വഹിക്കും.
ആഗസ്റ്റ് 27 ന് നടക്കുന്ന ഓണം പൊന്നോണം എന്ന സാംസ്‌കാരിക ചടങ്ങ് വി.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം കരുണാകരന്‍ നായര്‍, കവി വിജയന്‍ പാലാഴി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രസ്തുത യോഗത്തില്‍ നിര്‍ദ്ധനരായിട്ടുള്ളവര്‍ക്ക് ഓണക്കിറ്റും, ബാലസഭ കുട്ടികള്‍ക്ക് ഓണസമ്മാനവും വിതരണം ചെയ്യും.

ഉത്രാട ദിനത്തില്‍ പഴമയുടെ ഓണസ്മരണ നിലനിര്‍ത്തുന്ന തോലുമാടന്‍ കളിയും, ഉത്രാട വിളക്കും തെളിയിക്കും. തിരുവോണ നാളില്‍ അത്തപൂക്കള മത്സരവും തുടര്‍ന്ന് കുട്ടികള്‍ക്കുള്ള കലാകായിക മത്സരങ്ങളും ഉച്ചക്ക് കല്ലിന്‍മൂട് ചിറയില്‍ വടത്തില്‍ തൂക്കവും വൈകിട്ട് 3 ന് ഗുരുവായൂര്‍ മോഡല്‍ ഉറിയടിയും ശേഷം പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വനിത വടംവലി മത്സരവും സംഘടിപ്പിക്കും.
6 മണിക്ക് സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കവി രാധാകൃഷ്ണന്‍ കുന്നുംപുറം, ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും വിവിധ മേഖലയില്‍ വിജയം കൈവരിച്ചവര്‍ക്കും ആദരിക്കും. ഗ്രാമോത്സവത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വമ്പന്‍ സമ്മാനങ്ങളുമായി ഓണം സമ്മാന പെരുമഴ എന്ന പേരില്‍ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. കല്ലിന്‍മൂട് ഗ്രാമോത്സവത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കല്ലിന്‍മൂട് വാര്‍ഡ് മെമ്പര്‍ പൂവണത്തുംമൂട് മണികണ്ഠന്‍, പ്രതീഷ് പുലരി, ഷിനു എന്നിവര്‍ അറിയിച്ചു.
