
തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട നവവധു ആതിരയുടെ ഭര്‍തൃമാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല മുത്താന ഗുരുമുക്ക് സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് അടുത്തുള്ള കുടുംബവീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ശ്യാമളയുടെ മൃതദേഹം കണ്ടെത്തിയത്.
ജനുവരി 15 വെള്ളിയാഴ്ചയാണ് ആതിരയെ(24) ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ആതിരയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ ഭര്‍ത്താവ് ശരത്ത് അച്ഛനൊപ്പം ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.
11 മണിയോടെ വീട്ടിലെത്തിയ ആതിരയുടെ അമ്മ വീടിന്റെ കതക് തുറന്നുകിടക്കുന്നതു കണ്ട് അന്വേഷിക്കുകയും ശരത്തിനെ വിവരമറിയിക്കുകയും ചെയ്തു. ശരത്ത് വീട്ടിലെത്തി അകത്തുനിന്ന് കുറ്റിയിട്ടിരുന്ന കുളിമുറിയുടെ വാതില്‍ തുറന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.