

കല്ലമ്പലം: കല്ലമ്പലം എം.ഡി.എം.എ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. തിരുവനന്തപുരം കോട്ടുകാല്‍ സ്വദേശിയും ഇപ്പോള്‍ നേമം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വിഷ്ണു നഗറില്‍ താമസിക്കുന്ന പ്രസാദ്(48) ആണ് അറസ്റ്റിലായത്. വിദേശത്തുനിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 1.235 കിലോ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്നത് ഇയാളാണ്. ഇയാളുടെ ലഗേജിനോടൊപ്പമാണ് മയക്കുമരുന്ന് എയര്‍പോര്‍ട്ടിനുള്ളില്‍ നിന്നും പുറത്ത് കടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വര്‍ക്കല ഡി.വൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രസാദിനെ വര്‍ക്കലയില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. കേസിലെ എട്ടാം പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രസാദ്.

കേസിനെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; ഇപ്പോള്‍ പിടിയിലായ പ്രസാദും കേസിലെ ഒന്നാം പ്രതിയായ സഞ്ജുവും മറ്റ് സുഹൃത്തുക്കളും, വിദേശത്ത് മദ്യ കച്ചവടം നടത്തുന്നതില്‍ പങ്കാളികളാണ്. കുടുംബത്തോടൊപ്പം വിദേശത്ത് എത്തിയ സഞ്ജു, മടക്കയാത്രയില്‍ സുഹൃത്തായ പ്രസാദിനെയും കൂട്ടി. പ്രസാദിന്റെ വിമാനയാത്ര ചെലവും സഞ്ജു തന്നെ വഹിച്ചു. സഞ്ജുവിനും കുടുംബത്തിനും ടൂറിസ്റ്റ് വിസയും, എന്നാല്‍ പ്രസാദിന് പെര്‍മനന്റ് വിസയുമായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജു ബുദ്ധിപൂര്‍വ്വം മയക്കുമരുന്ന് ഒളിപ്പിച്ച ഈന്തപ്പഴ പെട്ടി ഉള്‍പ്പെടുന്ന ലഗേജ് പ്രസാദിന്റെ പേരില്‍ ബുക്ക് ചെയ്യുകയുമായിരുന്നു. മയക്കുമരുന്ന് അടങ്ങിയ ലഗേജ് ചെക്ക് ഇന്‍ ചെയ്തതും എയര്‍പോര്‍ട്ടിന് പുറത്തുകൊണ്ടുവന്നതും പ്രസാദ് ആയിരുന്നു. പ്രസാദിന്റെ ലഗേജ് അടങ്ങിയ പെട്ടി സഞ്ജുവിന്റെ മകളുടെ പേരില്‍ ബുക്ക് ചെയ്ത് ഭാര്യയെ ഏല്‍പ്പിക്കുകയും ചെയ്തു.

അതേസമയം, ലഗേജിനുള്ളില്‍ മയക്കുമരുന്ന് ഉണ്ടെന്നുള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് ചോദ്യം ചെയ്യലില്‍ പ്രസാദ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഇരുവരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു രേഖകള്‍ പരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. കേസന്വേഷണത്തിന്റെ രണ്ടാംഘട്ടവും പൂര്‍ത്തിയായെന്നും അതുകൊണ്ടുതന്നെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് തന്നെ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. ഇനി വിദേശ രാജ്യമായ ഒമാന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടി പുരോഗമിക്കുന്നതോടെ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും വര്‍ക്കല പോലീസ് സൂചന നല്‍കി. അതിനുവേണ്ടി കൂടുതല്‍ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെല്ലാം ഇപ്പോള്‍ വര്‍ക്കല പോലീസ് സ്റ്റേഷനില്‍ തടവില്‍ കഴിയുകയാണ്.