Breaking News

പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആയി കുറയ്ക്കാന്‍ ഇറാഖ്; പ്രതിഷേധവുമായി ഹ്യൂമന്‍ റൈറ്റ് വാച്ച്

ബാഗ്ദാദ്: ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നിയമ ഭേദഗതിയുമായി ഇറാഖ് നീതിന്യായ മന്ത്രാലയം. ദേശീയ പാര്‍ലമെന്റില്‍ നിയമ ഭേദഗതി ഉടന്‍ പാസാക്കുമെന്നാണ് സൂചന. കഴിഞ്ഞ ജൂലൈയില്‍ ഈ ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, ഷിയ മുസ്‌ലിം വിഭാഗത്തിന്റെ കൂടി പിന്തുണയോടെ ആഗസ്റ്റ് 4 ന് പാര്‍ലമെന്റില്‍ ബില്‍ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആണ്. ഇത് 9 ആക്കി കുറയ്ക്കാനാണ് ഇറാഖ് സര്‍ക്കാരിന്റെ നീക്കം. ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആകും. കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സമുദായ സംഘടയെയോ നീതിന്യായ വ്യവസ്ഥയെയോ പൗരന്‍മാര്‍ക്ക് തിരഞ്ഞെടുക്കാമെന്നും ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതേസമയം, പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആയി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് രംഗത്തെത്തി.ഇത്തരമൊരു നീക്കം ഇറാഖിനെ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് കൊണ്ടുപോകുമെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് ഗവേഷക സാറാ സാന്‍ബാര്‍ പറഞ്ഞു. ഇപ്പോള്‍ത്തന്നെ നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നിരവധി ബാലവിവാഹങ്ങള്‍ ഓരോ വര്‍ഷവും ഇറാഖില്‍ നടക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഹ്യുമന്‍ റൈറ്റ് വാച്ചിന് പുറമേ നിരവധി മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും ഈ നിയമ ഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയെ നിയമഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *