

വര്‍ക്കല: വര്‍ക്കലയില്‍ വൃദ്ധയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്ന സംഭവത്തില്‍ 2 പേര് അറസ്റ്റില്‍. പാളയംകുന്ന് കോവൂര്‍ രമ്യാ നിവാസില്‍ രാജുവിന്റെ മകന് രാജേഷ്(33), രാമന്തള്ളി കനാല്‍ പുറമ്പോക്കില്‍ വഹാബ് മന്‍സിലില്‍ ഷംസുദ്ദീന്റെ മകന് സദ്ദാം ഹുസൈന്(34) എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വര്‍ക്കല മേല്‍വെട്ടൂര്‍ ആശാന്‍മുക്കിന് സമീപം കൊച്ചുവിള വീട്ടില്‍ ശ്യാമളാദേവിയമ്മ(71)യുടെ മാലയാണ് പ്രതികള്‍ കവര്‍ന്നത്. വീടിന് മുന്‍വശത്ത് കട നടത്തിവരികയാണ് ശ്യാമളാദേവിയമ്മയും ഭര്‍ത്താവും. ഞായറാഴ്ച ഉച്ചയ്ക്ക് കടയിലെത്തിയ പ്രതി രാജേഷ് സിഗരറ്റ് ആവശ്യപ്പെടുകയും സിഗരറ്റ് എടുക്കുന്നതിനിടയില്‍ പിന്നില്‍നിന്നും ശ്യാമളാദേവിയമ്മയുടെ മൂന്ന് പവന്റെ മാലപൊട്ടിച്ചെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കുറച്ചകലെ ബൈക്കുമായി കാത്തുനിന്ന കൂട്ടുപ്രതി സദ്ദാം ഹുസൈനുമൊപ്പം കടന്നുകളഞ്ഞു.



പ്രതികളുടെ പതിവ് മോഷണ രീതിയാണിതെന്ന് പോലീസ് പറഞ്ഞു. വൃദ്ധരായ ആളുകള്‍ നടത്തിവരുന്ന കടകള്‍ നോക്കിവച്ചശേഷം അവസരം കിട്ടുമ്പോള്‍ എന്തെങ്കിലും സാധനം എടുക്കാന്‍ ആവശ്യപ്പെടുകയും അതിനിടയില്‍ മാലപൊട്ടിക്കുകയുമാണ് ഇവരുടെ പതിവ്. പ്രതികള്‍ മാലയില്‍ പിടിച്ചപ്പോള്‍തന്നെ ശ്യാമളാദേവിയമ്മയും മാലയില്‍ പിടിച്ചതിനാല്‍ മാലയുടെ ഒരു ഭാഗമാണ് പ്രതികള്‍ക്ക് ലഭിച്ചത്. കിട്ടിയ ഭാഗം പണയംവച്ച് കിട്ടുന്ന പണം ലഹരി വസ്തുക്കള്‍ വാങ്ങാനും ആഡംബര ജീവിതത്തിനുമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പരാതി ലഭിച്ച ഉടന്‍തന്നെ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന് അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രതികളെ പിടികൂടാന്‍ നിര്‍ദേശം നല്കി.


വര്‍ക്കല എ.എസ്.പി ദീപക് ധന്‍കര്‍ നേതൃത്വം നല്കിയ അന്വേഷണ സംഘം വര്‍ക്കല എസ്.എച്ച്.ഒ ജെ.എസ്.പ്രവീണ്‍, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്. സംഭവ നടന്ന സ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. മാല പൊട്ടിക്കല്‍ പദ്ധതി ആസൂത്രണം ചെയ്തത് സദ്ദാം ഹുസൈനാണെന്ന് പോലീസ് പറഞ്ഞു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഗ്രേഡ് എസ്.ഐമാരായ സലിം ബൈജു, ഇതിഹാസ്.ജി.നായര്‍, ഗ്രേഡ് എ.എസ്.ഐ രമേശന്‍പിള്ള, സി.പി.ഒമാരായ ശംഭു, രാകേഷ്, സേതു, നിജിമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
