

വര്‍ക്കല: ഗുരുദേവ കൃതികള്‍ എല്ലാ ഗുരുദേവ ഭക്തരുടെയും കുടുംബങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ വര്‍ക്കലയില്‍ ശ്രീനാരായണ ഗുരുദേവന്‍ രചിച്ച പ്രാര്‍ത്ഥനാഗീതമായ ദൈവദശകത്തിന്റെ വിതരണോദ്ഘാടനം നടത്തി. വര്‍ക്കല 660-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് ശാഖാ മന്ദിരത്തില്‍ കൂടിയ യോഗത്തില്‍ ശിവഗിരി മഠം സന്ന്യാസിവര്യന്‍ വിരജാനന്ദസ്വാമികളാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ഗുരുദേവന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ് വര്‍ക്കലയെന്നും ഗുരുദേവ ദര്‍ശനങ്ങള്‍ എല്ലാവരിലും എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളെല്ലാം തന്നെ നമുക്ക് ലഭിച്ചത് ഗുരുദേവ ദര്‍ശനങ്ങളിലൂടെയാണ്. ഗുരുദേവന്‍ അനുഷ്ഠിച്ച തപസ്സിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍. നമുക്ക് നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതിനോ നല്ലൊരു വീടുണ്ടാക്കുന്നതിനോ പണ്ട് കാലത്ത് സാധിച്ചിരുന്നില്ല. ഗുരുദേവന്‍ വിഭാവനം ചെയ്ത അഷ്ടലക്ഷ്യങ്ങളില്‍ ഒന്നായ വിദ്യകൊണ്ട് സമ്പന്നരാകുക എന്ന ഗുരുദേവ ദര്‍ശനത്തിന്റെ പിന്തുണയോടെയാണ് നാം സമൂഹത്തില്‍ ഉയര്‍ന്നുവന്നത്. മനുഷ്യ മനസുകളിലെ നന്മയെ ഉണര്‍ത്തിയെടുത്ത് ആത്മീയവും ഭൗതികവുമായ അറിവ് പകര്‍ന്നുനല്‍കിയ മഹത് വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുദേവന്‍-വിരജാനന്ദസ്വാമികള്‍ പറഞ്ഞു.

പ്രാര്‍ത്ഥന മനുഷ്യന്റെ ഉള്ളിലുള്ള കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം തുടങ്ങിയ അനാവശ്യ ചിന്തകളെ ഇല്ലാതാക്കി മനസിനെ നൈര്‍മല്യമാക്കാന്‍ സാധിക്കും. ഒരു കുടുംബത്തിലുള്ള എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്നത് കുടുംബത്തിന്റെ ഐക്യത്തിനും ശാന്തിക്കും സമാധാനത്തിനും ഐശ്വര്യത്തിനും കാരണമാകും. കുടുംബത്തിലൂടെ സമൂഹവും സമൂഹത്തിലൂടെ ലോകവും ശാന്തിയും സമാധാനവും ഐശ്വര്യവും കൈവരിക്കും. ഗുരുദേവ ദര്‍ശനങ്ങള്‍ പുസ്തക രൂപത്തില്‍ ഓരോ കുടുംബത്തിലേക്കും എത്തിക്കുകയും ഓരോരുത്തരും അത് പഠിച്ച് മനസിലാക്കുകയും ചെയ്യുന്നത് സമൂഹത്തിനൊട്ടാകെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ക്കല 660-ാം നമ്പര്‍ ശാഖാ സെക്രട്ടറി ഡീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശാഖാ പ്രസിഡന്റ് ലാല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി ശിവഗിരി യൂണിയന്‍ സെക്രട്ടറി അജി.എസ്.ആര്‍.എം ആശംസകള്‍പ്പിച്ച് സംസാരിച്ചു. 660-ാം നമ്പര്‍ ശാഖാ വൈസ് പ്രസിഡന്റ് സുരേഷ്, യൂണിയന്‍ പ്രതിനിധി അംഗം അശോകന്‍, പുല്ലാന്നികോട് ശാഖാ പ്രസിഡന്റ് ഷോബി, വാര്‍ഡ് മെമ്പര്‍മാരായ ജിഗീഷ്, സിന്ധു സുനില്‍, കരുനിലക്കോട് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഗുരുദേവ പ്രാര്‍ത്ഥനാഗീതം പ്രിന്റ് ചെയ്ത് നല്‍കിയ ഫൈസി പഞ്ചമി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 660-ാം നമ്പര്‍ ശാഖാ ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജിത് റോയി കൃതജ്ഞത രേഖപ്പെടുത്തി.
