

വര്‍ക്കല: വര്‍ക്കല നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിച്ച ഷീലോഡ്ജ് മന്ദിരം ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകിട്ട് 4 മണിക്ക് വര്‍ക്കല നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷാണ് ഷീലോഡ്ജ് മന്ദിരത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. വര്‍ക്കല കണ്വാശ്രമത്ത് നിര്‍മ്മിക്കുന്ന പൊതുശ്മശാനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു. വര്‍ക്കലയില്‍ എത്തുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാന്‍ ഷീലോഡ്ജിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗുരുവായൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഷീലോഡ്ജ് വിജയകരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഷീലോഡ്ജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് നഗരസഭ അധികൃതരെ ഉപദേശിക്കുകയും ചെയ്തു. ശുചിത്വത്തിന്റെ കാര്യത്തില്‍ നഗരസഭ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി ഇന്ത്യയൊട്ടാകെയുള്ള നഗരസഭകളുടെ ശുചിത്വ സര്‍വേയില്‍ കേരളത്തില്‍നിന്ന് ഇടംപിടിച്ച രണ്ട് നഗരസഭകളില്‍ ഒന്നാണെന്നതും ചൂണ്ടിക്കാട്ടി.

നഗരസഭയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ഷീലോഡ്ജ് നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഷീലോഡ്ജില്‍ 5 ബെഡ്‌റൂമുകളും ഒരു സ്വീകരണ മുറിയും ഒരു അടുക്കളയും ഉള്‍പ്പെടുന്നു. 75 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഷീലോഡ്ജിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് വര്‍ക്കല നഗരസഭ അധികൃതര്‍ അറിയിച്ചു. 2.5 കോടി രൂപ ചെലവിലാണ് കണ്വാശ്രമത്ത് പൊതുശ്മശാനം നിര്‍മ്മിക്കുന്നത്. ഇതിനായി 60 സെന്റ് ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ശ്മശാനത്തിന് രണ്ട് ഗ്യാസ് ചേംബറുകള്‍ ഇവിടെയുണ്ടാകും. കെട്ടിടത്തിന് പുറമേ ഉദ്യാനം ഉള്‍പ്പെടെയുള്ള ശാന്തവും മനോഹരവുമായ അന്തരീക്ഷവും ഇവിടെ ഒരുക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഡ്വ.വി.ജോയി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ എം.പി അഡ്വ.അടൂര്‍ പ്രകാശ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. മുനിസിപ്പല്‍ എഞ്ചിനീയര്‍ പി.സി.മന്മഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി.ആര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി മന്‍സാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിധിന്‍നായര്‍.വി, പൊതമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീവി ജാന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയകുമാര്‍.സി, മറ്റ് കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. നഗരസഭ സെക്രട്ടറി സനല്‍കുമാര്‍.ഡി.വി കൃതജ്ഞത രേഖപ്പെടുത്തി.
