

വർക്കല: ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റ് മുൻ പ്രസിഡന്റും ശിവഗിരി മഠത്തിലെ ഏറ്റവും മുതിർന്ന സന്യാസിയുമായിരുന്ന സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ അനുശോചനമറിയിച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശിവഗിരിയിൽ എത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അദ്ദേഹം ശിവഗിരിയിൽ എത്തിയത് . ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിൽ പ്രകാശാനന്ദ സ്വാമികളുടെ പങ്ക് വളരെ ശ്ലാഘനീയമാണെന്നും, അതിൽ അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ് ഇന്നിവിടെ എത്തിയതെന്നും ഗവർണർ പറഞ്ഞു. ഇനി ഒരു അവസരത്തിൽ കുടുംബസമേതം ശിവഗിരിയിൽ വരണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
കേരളം കണ്ട ഗവർണർമാരിൽ ഏറ്റവും ലളിതമായും വിനയത്തോടെയും ജനങ്ങളോട് ഇടപഴകുന്ന ആളാണ് താങ്കളെന്നു സ്വാമിമാർ പറഞ്ഞപ്പോൾ , “അങ്ങനെയല്ലേ ഞാൻ ചെയേണ്ടതെന്ന്” സന്തോഷ പൂർവ്വം ചോദിച്ചു കൊണ്ട് മരണപ്പെട്ട വിസ്മയയുടെ വീട്ടിൽ പോയ സാഹചര്യം സ്വാമിമാരോട് വിശദീകരിച്ചു. ശിവഗിരിമഠം പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ,ജന:സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ, സ്വാമി ഗുരുപ്രസാദ്, ശാരദാനന്ദ സ്വാമികൾ, വർക്കല എം.എൽ.എ ജോയി,മുനിസിപ്പൽ ചെയർമാൻ കെ .എം ലാജി എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശാനന്ദ സ്വാമികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ 12.30 തോടുകൂടി ശിവഗിരിയിൽ നിന്നും മടങ്ങി.