

വര്‍ക്കല: നഗരസഭയുടെ സ്റ്റോപ് മെമ്മോ ലംഘിച്ച് വര്‍ക്കലയില്‍ അനധികൃത മതില്‍ നിര്‍മ്മാണം പുരോഗമിക്കുന്നതായി പരാതി. വര്‍ക്കല പുല്ലാന്നികോട് വായനശാലയ്ക്ക് എതിര്‍വശം നടയറ വരെയുള്ള പി.ഡബ്ല്യു.ഡി റോഡിന്റെ വശത്തുള്ള ഓട അടിസ്ഥാനമാക്കിയാണ് സനല്‍ എന്ന വ്യക്തി തന്റെ പുരയിടത്തിന് മതില്‍ കെട്ടിപൊക്കുന്നത്. പുല്ലാനികോട് സ്വദേശിയായ പ്രശാന്താണ് നഗരസഭയില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 26 ന് തുടങ്ങിയ നിര്‍മ്മാണം അനധികൃതവും നിയമലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭ അധികൃതരെ ഫോണിലൂടെ വിവരമറിയിച്ചു.

ഇതേതുടര്‍ന്ന് നഗരസഭ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും മതില്‍ നിര്‍മ്മാണം അനധികൃതമാണെന്ന് മനസിലാക്കുകയും ചെയ്തു. മതില്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സ്‌റ്റോപ് മെമ്മോ നല്‍കുകയും ചെയ്തു. റോഡ് സൈഡില്‍ മതില്‍ നിര്‍മ്മാക്കാനുള്ള പെര്‍മിറ്റ് എടുത്തശേഷം നിയമപരമായി ചട്ടങ്ങള്‍ പാലിച്ച് മാത്രമേ മതില്‍ നിര്‍മ്മിക്കാനൂവെയെന്നും സനലിനെ നഗരസഭ അധികൃതര്‍ അറിയിച്ചു. എന്നാല്‍, അന്ന് രാത്രി തന്നെ സനല്‍ മതിലിന്റെ നിര്‍മ്മാണം പുനരാരംഭിക്കുകയായിരുന്നു. ഈ വിവരം പ്രശാന്ത് നഗരസഭയില്‍ എത്തി പരാതി രേഖാമൂലം എഴുതി നല്‍കി. എന്നാല്‍, ഈ പരാതിയില്‍ നഗരസഭ അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പ്രശാന്ത് പറയുന്നു.


