

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരേ നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം മുസ്‌ലിം ലീഗ് തള്ളിയിട്ടും പ്രതീക്ഷ കൈവിടാതെ സി.പി.എം നേതാക്കള്‍. ലീഗുള്‍പ്പെടെയുള്ളവരെ വീണ്ടും ക്ഷണിക്കുമെന്ന് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രസ്താവിച്ചിരുന്നു. ഇപ്പോഴിതാ ലീഗ് നേതാക്കള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും പ്രത്യാശ പ്രകടിപ്പിച്ചു. ലീഗിന്റെ ശക്തിയെ പുകഴ്ത്തിക്കൊണ്ടായിരുന്നു ഇ.പി.ജയരാജന്‍ സംസാരിച്ചത്.

140 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ലീഗിന്റെ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് ജയിക്കാനുള്ള ശേഷിയില്ല. കോണ്‍ഗ്രസ് ഇനിയും ദുര്‍ബലമാകും. കോണ്‍ഗ്രസിനെ പോലെ പൂര്‍ണ്ണ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ്. ലോക കേരളസഭയിലും പ്രളയ ദുരിതാശ്വാസത്തിലുമടക്കം മുസ്ലിംലീഗ് ഇടതുപക്ഷ സര്‍ക്കാരുമായി സഹകരിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗില്‍ തന്നെ കോണ്‍ഗ്രസിന്റെ പിന്നാലെ പോകാതെ ശരിയായ നിലപാട് സ്വീകരിക്കണമെന്ന് ചിന്തിക്കുന്നവരുണ്ട്. അവരൊക്കെ ഈ സെമിനാറിലടക്കം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്-സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി.ജയരാജന്‍ വ്യക്തമാക്കി.

സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഇ.എം.എസിന്റെ നിലപാട് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മത വിഭാഗത്തിലും തെറ്റായ ജീര്‍ണതകള്‍ ഉണ്ടെങ്കില്‍ ആ മതത്തില്‍ ഉള്ളവര്‍ തന്നെയാണ് അത് തിരുത്തേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജയരാജന്‍ വിശദീകരിച്ചു. മൃദുഹിന്ദുത്വം ഉപേക്ഷിക്കുകയും ആര്‍എസ്എസ് അജണ്ടയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിനേയും ഞങ്ങള്‍ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
