Breaking News

പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് ബജറ്റ് ഗുണകരമാകുമെന്ന് പ്രതീക്ഷ: സച്ചിദാനന്ദ സ്വാമി

ബജറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു: സച്ചിദാനന്ദ സ്വാമി

ശിവഗിരി: സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് ശിവഗിരി മഠത്തിനും ശ്രീനാരായണ പ്രസ്ഥാനത്തിനും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങൾക്കും പുതിയ പ്രതീക്ഷ നൽകുന്നതാണെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.പിന്നാക്ക ജനവിഭാഗങ്ങളുടെയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെയും ക്ഷേമത്തിനും സംസ്ഥാനത്തെ ആത്മീയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനുമായി ഗണ്യമായ തുക ബജറ്റിൽ വകയിരുത്തിയതിന് മുഖ്യമന്ത്രി കൂടിയായ ധനകാര്യ മന്ത്രി വി.ഡി. സതീശനെ അദ്ദേഹം അഭിനന്ദിച്ചു.

ശിവഗിരി തീർഥാടന പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കൺവെൻഷൻ സെന്ററിന്റെ തുടർനിർമാണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ അനുവദിച്ചതിന് പ്രത്യേക നന്ദി രേഖപ്പെടുത്തിയ സ്വാമി, ഡൽഹിയിൽ ശ്രീനാരായണ ഗുരുദേവ സ്മാരകം സ്ഥാപിക്കുന്നതിനും പട്ടത്തെ ആർ. ശങ്കർ സ്മാരകത്തിനുമായി ഒരു കോടി രൂപ വീതം അനുവദിച്ച നടപടിയെയും സ്വാഗതം ചെയ്തു.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി 800 കോടി രൂപയും ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനത്തിനായി 77 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ മുഖ്യമന്ത്രി ശിവഗിരി സന്ദർശിച്ചപ്പോൾ മഠത്തിന്റെ വികസനത്തിനും ടൂറിസം പദ്ധതികൾക്കുമായി സമർപ്പിച്ച നിവേദനങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും കാലതാമസമില്ലാതെ നടപ്പാക്കപ്പെടുകയും അവയുടെ ഗുണഫലം അർഹരായവർക്ക് സമയബന്ധിതമായി ലഭിക്കുകയും ചെയ്യട്ടെയെന്നാണ് ശിവഗിരി മഠത്തിന്റെ പ്രതീക്ഷയെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു.അതേസമയം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെയും പിന്നാക്ക സമൂഹങ്ങളുടെയും ഉന്നമനത്തിനായി മുൻ ബജറ്റുകളിൽ അനുവദിച്ചിരുന്ന ഫണ്ടുകൾ പലപ്പോഴും പൂർണമായി വിനിയോഗിക്കപ്പെടാതെ ലാപ്സായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഭാഗങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കപ്പെടുകയും സമാനമായ വീഴ്ചകൾ ആവർത്തിക്ക പ്പെടാതിരിക്കുകയും ചെയ്യണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചു.

സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സമിതി രൂപീകരിക്കാനുള്ള നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം, വിഷയത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും അഭിപ്രായപ്പെട്ടു.ശിവഗിരി മഠത്തോടും പിന്നാക്ക ജനവിഭാഗ ങ്ങളോടും അനുഭാവപൂർവമായ സമീപനം സ്വീകരിച്ച് ബജറ്റിൽ ആവശ്യമായ തുക വകയിരുത്തിയതിന് സർക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *