

തിരുവനന്തപുരം: പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിയുടെയും കണിയാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന്റെയും ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു. പുതുതായി നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷനിലാണ് ഹോമിയോ ആശുപത്രിയുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയവും ഇനി പ്രവര്‍ത്തിക്കുക.

വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് അവയെല്ലാം ഒരു സ്ഥലത്ത് തന്നെ പരിഹരിക്കാന്‍ കഴിയുന്ന രീതിയിലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നതെന്നും സമയബന്ധിതമായി ബാക്കി ഓഫീസുകളുടെ പണി പൂര്‍ത്തിയാക്കി, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 7,50,000 രൂപ വിനിയോഗിച്ചാണ് ഹോമിയോ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

പോത്തന്‍കോട് പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ബൃഹത്പദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണെന്നും പോത്തന്‍കോട് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പോത്തന്‍കോടിന്റ വികസന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനൊപ്പം പ്രദേശവാസികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍.അനില്‍ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ.എം.എന്‍ വിജയാംബിക, ഹോമിയോ ഡി.എം.ഒ വി.കെ.പ്രിയദര്‍ശിനി, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.