Breaking News

ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് വേണ്ടെന്ന നിലപാട് സ്വീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). ഓപ്പറേഷന്‍ തീയറ്ററില്‍ മുന്‍ഗണന രോഗിയുടെ സുരക്ഷയ്ക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നുമാണ് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു പ്രതികരിച്ചത്. ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഐ.എം.എയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ കത്ത് ചര്‍ച്ചയായിരുന്നു. 2020 എം.ബി.ബി.എസ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയത്. ജൂണ്‍ 26 ന് നല്‍കിയ കത്തില്‍ 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ഥിനികള്‍ ഒപ്പുമിട്ടിരുന്നു. ഈ വിഷയം ദേശീയമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുകയാണ്.

ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിര്‍ബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷന്‍ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തില്‍ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *