

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് വി.എച്ച്.പി ഘോഷയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഹരിയാനയില്‍ കനത്ത ജാഗ്രത. വിവിധ ഹിന്ദു സംഘടനകളും വി.എച്ച്.പിയുടെ ഘോഷയാത്രയില്‍ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ജനങ്ങളോട് ഘോഷയാത്രയില്‍ പങ്കെടുക്കരുത് എന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ആളുകള്‍ അവരുടെ വീടിന് അടുത്തുള്ള ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തണം എന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. ക്രമസമാധാനം കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചതെന്നും ഖട്ടാര്‍ പറഞ്ഞു

നൂഹില്‍ സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്താല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു. ഘോഷയാത്രയുടെ പശ്ചാത്തലത്തില്‍ നൂഹില്‍ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുന്‍ കരുതലായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് വിന്യാസവും കൂട്ടി. വേണ്ടിവന്നാല്‍ സൈന്യത്തിന്റെ സഹായവും തേടാനാണ് നീക്കം. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെര്‍പ്പ യോഗം ഹരിയാനയില്‍ നടക്കുന്നതും യാത്ര തടയാനുള്ള കാരണമായിട്ടുണ്ട്.

ജൂലൈ 31ന് ഘോഷയാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും അതില്‍ 6 പെര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മുന്‍ കരുതലായി നൂഹില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഘോഷ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു എങ്കിലും നടത്തും എന്നാണ് സംഘാടകര്‍ അറിയിച്ചത്. മുന്‍ കരുതലായി നൂഹില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.


