Breaking News

ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി.ഉണ്ണി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഡ്രൈവറിന്റെ അശ്രദ്ധയാണെന്നായിരുന്നു കേസ് അന്വേഷിച്ച സി.ബി.ഐ കോടതിയെ അറിയിച്ചത്. എന്നാല്‍, സി.ബി.ഐ കേസിന്റെ എല്ലാ വശങ്ങളും പരിഗണിച്ചില്ലെന്നും ഗൂഢാലോചനയുടെ സാധ്യതകള്‍ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഉണ്ടെന്നുമാണ് കെ.സി.ഉണ്ണി ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ഇത് പരിഗണിച്ചാണ് കോടതി ഗൂഢാലോചനയുണ്ടെങ്കില്‍ അത് ഉള്‍പ്പെടെ പരിശോധിക്കാന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയത്.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെടുമ്പോള്‍ പ്രദേശത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളില്‍ ചിലര്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സംശയങ്ങള്‍ ഗൂഢാലോചന സംശയിക്കത്തക്കതാണ്. യാത്രയുടെ ആരംഭം മുതല്‍ ചില കാര്യങ്ങളിലുണ്ടായിരുന്ന അനിശ്ചിതത്വവും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സി.ബി.ഐ അന്വേഷണം നടത്തിയെന്നാണ് ബാലഭാസ്‌കറിന്റെ പിതാവ് ഹര്‍ജിയിലൂടെ ആരോപിക്കുന്നത്.

മകന്റെ മരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ അറിയുന്നതിനു പിതാവിന് അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, ശരിയായ അന്വേഷണമാണു നടത്തിയതെന്നും വിചാരണ തുടരാന്‍ അനുവദിക്കണമെന്നും സി.ബി.ഐയും ആവശ്യപ്പെട്ടു. ബാലഭാസ്‌കറിനെയും മറ്റും ആരും ആക്രമിക്കുന്നതു കണ്ടതായി ബസ് ഡ്രൈവറിന്റെ മൊഴിയില്‍ ഇല്ല. കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യയും ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ല. അപകടസ്ഥലത്തു സംഗീതപ്രമുഖനെ കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ പബ്ലിസിറ്റിക്കുവേണ്ടി മാത്രമാണെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *