
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. കേസില്‍ തുടര്‍ നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയുടെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇ.ഡി.ക്കെതിരെ അന്വേഷണം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആര്‍.
അതേസമയം, ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴി അടക്കം മുദ്രവച്ച കവറില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണാണ് വിധിപറഞ്ഞത്. ഉന്നതരിലേക്ക് അന്വേഷണം എത്തുന്നത് തടയാനാണ് ഈ നീക്കമെന്നാണ് ഇ.ഡി. ഹര്‍ജിയില്‍ ഉന്നയിച്ചത് എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ ഉന്നതസ്ഥാനത്തുള്ളവരെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.