Breaking News

ദിലീപുമായി ബന്ധം; നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ച രഞ്ജിത്ത് മാരാരെ ഹൈക്കോടതി ഒഴിവാക്കി. രഞ്ജിത്ത് മാരാര്‍ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചതോടെയാണ് ഹൈക്കോടതി രഞ്ജിത്ത് മാരാരെ ഒഴിവാക്കിയത്. അതിജീവിതയുടെ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറിയായി അഡ്വ.രഞ്ജിത്ത് മാരാരെ ഹൈക്കോടതി നിയമിച്ചത്. രഞ്ജിത്ത് മാരാര്‍ക്ക് ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. തുടര്‍ന്നാണ് കോടതിയുടെ തീരുമാനമുണ്ടായത്.

തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാരും ഹൈക്കോടതിയോട് അവശ്യപ്പെട്ടിരുന്നു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാര്‍ കത്ത് നല്‍കിയത്. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് ദിലീപ് ഹര്‍ജി നല്‍കി. ദിലീപിന്റെ ഹര്‍ജി നിരാകരിച്ച കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.

തുടര്‍ന്ന് കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി അഡ്വ രഞ്ജിത്ത് മാറാറെ ഹൈക്കോടതി നിയോഗിക്കുകയായിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ടെന്നും ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ത്തിയ പ്രതികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തണം. മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വ്വം പരിശോധിച്ചിട്ടുണ്ട്. അതില്‍ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹര്‍ജി. വിചാരണ പൂര്‍ത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നല്‍കിയിട്ടുണ്ടെന്നും അതിജീവിത കോടതിയില്‍ പറഞ്ഞിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *