
ജയകൃഷ്ണ ലക്ഷ്മി
“അവനവന്‍ ആത്മ സുഖത്തിനായി ആചരിക്കുന്നവ
അപരന്ന് സുഖത്തിനായി വരേണം”
യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനമാണിത്. കോവിഡ് മഹാമാരി അതിന്റെ രൗദ്രഭാവത്തില്‍ താണ്ഡവമാടുന്ന വര്‍ത്തമാനകാലത്ത് ഈ ഗുരുദേവ വചനത്തിന് ഒരു മഹാമന്ത്രത്തിന്റെ ശക്തിയുണ്ട്. എന്റെ ആത്മസുഖത്തിനായി ആചരിക്കുന്നവ മറ്റൊരുവന് ദോഷമായി ഭവിക്കരുതെന്ന ചിന്തയിലൂടെയാണ് നാം കോവിഡിനെ നേരിടേണ്ടത്. അതെ, കോവിഡിനെ നേരിടാനുള്ള പ്രതിരോധ മന്ത്രം തന്നെയാണ് ഈ ഗുരുദേവ ദര്‍ശനം.
കോവിഡ് വൈറസിനെ പ്രതിരോധിക്കുക എന്നത് ഒരു സര്‍ക്കാരിന്റെയോ ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെയോ മാത്രം നിയന്ത്രണ പരിധിയില്‍ വരുന്ന കാര്യമല്ല. കോവിഡിനെ ചെറുക്കാന്‍ ഓരോ വ്യക്തിയും പ്രയത്‌നിക്കേണ്ടതുണ്ട്. ഒരു വ്യക്തിയിലൂടെ അവന്റെ/അവളുടെ കുടുംബം, കുടുംബങ്ങളിലൂടെ വാര്‍ഡ്, വാര്‍ഡുകളിലൂടെ പഞ്ചായത്ത്, പഞ്ചായത്തുകളിലൂടെ താലൂക്ക്, താലൂക്കുകളിലൂടെ ജില്ല, ജില്ലകളിലൂടെ സംസ്ഥാനം, സംസ്ഥാനങ്ങളിലൂടെ രാജ്യം, രാജ്യങ്ങളിലൂടെ ലോകം എന്ന രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നേറിയാല്‍ മാത്രമേ ലോകത്തുനിന്നും കോവിഡിനെ തുടച്ചുമാറ്റാന്‍ നമുക്ക് സാധിക്കുകയുള്ളൂ.
എന്നാല്‍, കോവിഡ് വൈറസ് നമ്മുടെ സംസ്ഥാനത്ത് പിടിമുറുക്കുമ്പോള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഓരോ വ്യക്തിയും അവരുവരുടേതായ സംഭവനകള്‍ സമൂഹത്തിന് നല്‍കുന്നുണ്ടോയെന്ന് നാമോരുത്തരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ ഓരോ വ്യക്തിയും പാലിച്ച ജാഗ്രതയ്ക്കും ഉത്തരവാദിത്തബോധത്തിനും കാര്യമായ ശോഷണം സംഭവിച്ചതാണ് കോവിഡിന്റെ രണ്ടാം തരംഗം അതീവ അപകടകരമാകാന്‍ കാരണം.
കേരളത്തില്‍ കോവിഡിന്റെ രണ്ടാം വരവിന് ആക്കം കൂട്ടിയത് തെരഞ്ഞെടുപ്പ് മാമാങ്കമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കത്തിന്റെ ആവശ്യമേയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ മുന്നണികളും പാര്‍ട്ടികളും ഒരുപോലെ കോവിഡ് പ്രതിരോധത്തില്‍ ജാഗ്രതക്കുറവ് കാട്ടി. രാഷ്ട്രീയ മുന്നണികള്‍ കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ യാത്രകള്‍ നടത്തിയും ആള്‍ക്കൂട്ട സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും തങ്ങളുടെ രാഷ്ട്രീയ ശക്തി തെളിയിച്ചപ്പോള്‍, മറുവശത്ത് കോവിഡിനെതിരായി നാം പാലിച്ചുപോന്ന നിതാന്ത ജാഗ്രത നഷ്ടമാകുന്നത് ശ്രദ്ധിച്ചിരുന്നില്ല. കുറഞ്ഞപക്ഷം, കോവിഡ് പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്ന ഭരണകൂടത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമായിരുന്നു എന്ന കാര്യം പറയാതെ വയ്യ! അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും അത് മാതൃകയായി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമായിരുന്നു.

കോവിഡിന്റെ ഒന്നാം ഘട്ടം ഫലപ്രദമായിത്തന്നെ ചെറുത്ത കേരളം കൂടുതല്‍ ഇളവുകളോടെ അതിവേഗം വിവാഹം ഉള്‍പ്പെടെയുള്ള വ്യക്തിപരവും മതപരവുമായ ആഘോഷങ്ങളിലേക്കും കടന്നു. ഏതൊരാഘോഷവും ഏതൊരു വ്യക്തിക്കും സമൂഹത്തിനും സന്തോഷം പ്രദാനം ചെയ്യുന്നതാണ്. സന്തോഷം മാത്രമല്ല, നല്ലൊരു വിഭാഗത്തിന്റെ സാമ്പത്തിക സ്രോതസ്സുകൂടിയാണ് ഇത്തരം ആഘോഷങ്ങള്‍ എന്നതും വിസ്മരിക്കാവുന്നതല്ല. എന്നാല്‍, അവിടെയാണ് നാം നേരത്തേ പറഞ്ഞ ഗുരുദേവ ദര്‍ശനത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണതലത്തില്‍ ഗ്രഹിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.
ഒരു ചെറിയ സമൂഹത്തിന്റെ സന്തോഷം മറ്റുള്ളവര്‍ക്കുകൂടി സുഖവും സന്തോഷവും പ്രദാനം ചെയ്യുന്നതാവണം. അത് ഏത് ആഘോഷമായാലും ശരി. അക്കാര്യത്തില്‍ മതമോ, ജാതിയോ മറ്റേതൊരു കാര്യങ്ങളോ പരിഗണിക്കേണ്ടതേയില്ല. കാരണം നേരിടാനുള്ളത് മാനവരാശിയെ ഒന്നടങ്കം നശിപ്പിക്കാന്‍ പ്രാപ്തനായ പൊതു ശത്രുവിനെയാണ്. മുരുന്നുകൊണ്ട് മാത്രമല്ല, ജാഗ്രതയോടെയുള്ള ഐക്യപ്പെടല്‍ കൊണ്ടുകൂടിയേ ആ ശത്രുവിനെ നമുക്ക് പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയുള്ള ആഘോഷങ്ങളാണ് ഈ കോവിഡ് കാലത്ത് അനുയോജ്യം. തൃശ്ശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ കൈക്കൊണ്ട തീരുമാനം ശ്ലാഘനീയമാണ്. കുറച്ചുപേരുടെ സന്തോഷം മറ്റുള്ളവര്‍ക്ക് സന്താപത്തിന് കാരണമാകാതിരിക്കാനുള്ള കരുതലാണ് തൃശൂര്‍ പൂരം പ്രതീകാത്മകമായി നടത്താനുള്ള തീരുമാനം. കുംഭമേള പ്രതീകാത്മകമാക്കാനുള്ള തീരുമാനവും മാതൃകാപരമാണ്. അങ്ങനെയുള്ള തീരുമാനങ്ങള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ പൂര്‍ണ്ണവിജയം നേടുന്നതുവരെ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും ഉണ്ടാവണം. പ്രത്യേകിച്ചും യുവതലമുറയുടെ ഭാഗത്തുനിന്നും. ഇതുപറയാന്‍ കാരണം കഴിഞ്ഞയാഴ്ച വര്‍ക്കല എസ്.എന്‍.കോളേജില്‍ നടന്ന ഡി.ജെ പാര്‍ട്ടിയാണ്.
ആയിരത്തോളം വരുന്ന യുവത്വത്തിലെത്തിയ വിദ്യാര്‍ത്ഥികളാണ് ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള കോളേജില്‍ തന്നെയാണ് ഈ കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ വചനങ്ങള്‍ക്ക് കടകവിരുദ്ധമായ രീതിയില്‍ ഡി.ജെ പാര്‍ട്ടി സംഘടിപ്പിച്ചത്. മറ്റ് കലാലയങ്ങളിലും ഇങ്ങനെയുള്ള പരിപാടികള്‍ ഈ കോവിഡ് കാലത്ത് സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രബുദ്ധരെന്ന് അഭിമാനത്തോടെ അവകാശപ്പെടുന്ന കേരളീയ സമൂഹത്തില്‍ വിദ്യാഭ്യാസവും വിവേകവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ടോയെന്ന സംശയമാണ് ഇത്തരം പ്രവര്‍ത്തികളുടെ അനന്തരഫലം.

സോഷ്യല്‍ മീഡിയയിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങളും സ്വയം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് തികച്ചും തെറ്റിദ്ധാരണാപരമായ അഭിപ്രായ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെടുന്നുണ്ട്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നല്ലൊരു ശതമാനവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല എന്നതുള്‍പ്പെടെയുള്ള അഭിപ്രായങ്ങള്‍ സൈബറിടങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും വസ്തുതകളുടെ പിന്‍ബലമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം വസ്തുതാ വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നതുതന്നെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാകുന്നതിന് സമമാണെന്ന കാര്യം ഓരോ വ്യക്തിയും മനസിലാക്കണം.
കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതില്‍ സംഭവിച്ച ചില വീഴ്ചകള്‍ കൂടുതല്‍ പിഴവുകള്‍ വരുത്താനുള്ള ആയുധമായി മാറാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അന്ന് അങ്ങനെ നിങ്ങള്‍ ചെയ്തില്ലേ, അതുകൊണ്ട് ഇന്നിങ്ങനെ ചെയ്തുകൂടെ എന്ന ചോദ്യം കോവിഡ് കാലത്ത് ഒരിക്കലും അഭികാമ്യമല്ല. ഒരു തെറ്റിനെ അതിനേക്കാള്‍ വലിയൊരു തെറ്റുകൊണ്ട് ന്യായീകരിക്കാനോ പ്രതിരോധിക്കാനോ സാധിക്കില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം മേയ് 2 വളരെ പ്രാധാന്യമേറിയ ദിവസമാണെന്നുതന്നെ പറയാം. കേരള ജനതയെ ആര് ഭരിക്കണമെന്ന തീരുമാനം അന്നുണ്ടാവും. അതേസമയം, തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ ആഹ്ലാദപ്രകടനങ്ങളും വിജയാഘോഷങ്ങളും കേരളത്തില്‍ കോവിഡ് വ്യാപനത്തിന് അതിവേഗ പാത തുറന്നുകൊടുക്കപ്പെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ആ ആശങ്കയകറ്റാനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം.
കഴിഞ്ഞുപോയ പിഴവുകള്‍ അവിടെ നില്‍ക്കട്ടെ. പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചുവരില്ലെന്ന് കാര്‍ന്നോന്മാര് പറഞ്ഞത് വെറുതെയല്ല. ഇനിയുള്ള ദിവസങ്ങളില്‍ പിഴവില്ലാത്ത പ്രതിരോധം തീര്‍ക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിന്റെയോ വ്യത്യാസമില്ലാതെ, ഒരേ മനസ്സോടെ, ഒറ്റ ലക്ഷ്യത്തോടെ നമുക്ക് ഓരോരുത്തര്‍ക്കും കോവിഡിനെതിരെ പോരാടാം. അതിനായി ഈ ഗുരുദേവ ദര്‍ശനം കോവിഡിനെതിരായ പ്രതിരോധ മന്ത്രമായി ഉരുവിടാം.