Breaking News

ഗുരു ചേമഞ്ചേരി അരങ്ങൊഴിഞ്ഞു; നഷ്ടമായത് കഥകളി തപസ്യയാക്കിയ ആചാര്യനെ

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍

കോഴിക്കോട്: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍(105) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊയിലാണ്ടി ചേലിയയിലെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വിശ്രമജീവിതം നയിക്കുകയാരിന്നു അദ്ദേഹം. ജീവിതം തന്നെ കഥകളിക്കുവേണ്ടി ഉഴിഞ്ഞുവച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
കഥകളി പ്രേമികളുടെ മനംകവര്‍ന്ന കൃഷ്ണ വേഷങ്ങള്‍ ഓര്‍മ്മകളില്‍ അവശേഷിപ്പിച്ചാണ് എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് വിരാമമിട്ട് ഗുരു ചേമഞ്ചേരി അരങ്ങൊഴിയുന്നത്. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളില്‍ കൃഷ്ണന്റെ വേഷം അവിസ്മരണീയമാക്കിയ അദ്ദേഹത്തിന്റെ ഇഷ്ടവേഷവും കൃഷ്ണനായിരുന്നു.
വടക്കന്‍ മലബാറില്‍ കഥകളി രംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഗുരു ചേമഞ്ചേരി വഹിച്ച പങ്ക് വളരെ വലുതാണ്. ഇതിനായി ചേലിയയില്‍ കഥകളി വിദ്യാലയവും അദ്ദേഹം സ്ഥാപിച്ചു. കഥകളിയുടെ വടക്കന്‍രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രധാനിയായിരുന്നു ഗുരു ചേമഞ്ചേരി. നൃത്ത പഠനത്തിലൂടെ കലാരംഗത്തേക്ക് കടന്ന അദ്ദേഹം ഭരത ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും മികവ് തെളിയിച്ച ശേഷം കഥകളിയിലേക്ക് തിരിഞ്ഞു.
പിന്നീട് കഥകളി ഗുരു ചേമഞ്ചേരിയുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അദ്ദേഹത്തെ മുഖ്യകഥാപാത്രമായി നിര്‍മിച്ച സിനിമയാണ് മുഖംമൂടികള്‍. ജീവിതം മുഴുവന്‍ കഥകളിക്കായി ഉഴിഞ്ഞുവെച്ച കഥകളിയാചാര്യനായിട്ടാണ് അദ്ദേഹം വേഷമിട്ടത്. ജീവിത രസങ്ങള്‍ എന്ന ആത്മകഥയും അദ്ദേഹം രചിച്ചു.
മടന്‍കണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26നാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജനനം. 2017 ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു. 1979-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999-ല്‍ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ല്‍ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാര്‍ഡ്, 2002-ല്‍ കലാദര്‍പ്പണം നാട്യ കുലപതി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്‌നം അവാര്‍ഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍.
പത്തു കൊല്ലം കേരള സര്‍ക്കാര്‍ നടനഭുഷണം എക്‌സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *