Breaking News

416-ാമത് മൈസൂരു ദസറയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം

ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തി ഗവിശ്രീ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന്റെ 416-ാമത് പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം. ചാമുണ്ഡി ഹിൽസിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗവിശ്രീയാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്. രാവിലെ 11.50-നും 12.13-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹം ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കുടുംബവും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിയായ ശേഷമുള്ള ശിവകുമാറിന്റെ ആദ്യ ദസറ ആഘോഷമാണിത്. ചടങ്ങിന് മുന്നോടിയായി അദ്ദേഹം നന്ദി പതാകയ്ക്കു മുന്നിൽ പ്രാർഥന നടത്തി.

ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്ത് ഒരുക്കിയ വിശാലമായ വേദിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. ക്ഷേത്രത്തിലെ മുഖ്യപൂജാരി ശശിശേഖർ ദീക്ഷിതിന്റെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചുമുതൽ പ്രത്യേക പൂജകൾ ആരംഭിച്ചിരുന്നു. പൂജകൾക്കുശേഷം ഉത്സവവിഗ്രഹം വെള്ളിപ്പല്ലക്കിൽ പ്രതിഷ്ഠിച്ചു.

മഹിഷമർദിനി ഭാവത്തിലും അപൂർവമായ ഹംസവാഹിനി അലങ്കാരത്തിലും അണിയിച്ചൊരുക്കിയ ദേവിയുടെ വിഗ്രഹം പർപ്പിൾ നിറത്തിലുള്ള സാരിയിൽ അതീവശോഭയോടെയാണ് ദർശനത്തിന് ഒരുക്കിയത്.

വെള്ളിപ്പല്ലക്കിൽ ഘോഷയാത്രയായി വേദിയിലെത്തിച്ച വിഗ്രഹം പ്രത്യേക സ്ഥാനത്ത് പ്രതിഷ്ഠിച്ചശേഷമാണ് പുഷ്പാർച്ചന നടത്തിയത്. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ഭക്തരാണ് ചാമുണ്ഡി ഹിൽസിലെത്തിയത്. വേദിയിൽ രണ്ടായിരത്തോളം ഭക്തർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ചടങ്ങിൽ സംസാരിച്ച മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ, ദസറ ഉദ്ഘാടനം ചെയ്ത ഗവിശ്രീക്ക് നന്ദി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ച അദ്ദേഹം, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ അഞ്ച് ഗ്യാരണ്ടി പദ്ധതികൾ നടപ്പാക്കിയതായും നിലവിലെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ഭൂമിയുടെ രേഖകൾ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള നടപടികളിലൂടെ ആറാമത്തെ ഗ്യാരണ്ടിയും നടപ്പാക്കിയതായും പറഞ്ഞു.

ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി പ്രഖ്യാപനങ്ങൾ നടത്താനും പദ്ധതികൾ നടപ്പാക്കാനും കഴിഞ്ഞത് സർക്കാരിന്റെ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, യുവജനക്ഷേമം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നതായും മന്ത്രി പറഞ്ഞു.

ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും സംഗമമായ മൈസൂരു ദസറയ്ക്ക് തുടക്കമായതോടെ വരുംദിവസങ്ങളിൽ വിവിധ സാംസ്കാരിക പരിപാടികളും ആഘോഷച്ചടങ്ങുകളും അരങ്ങേറും.

Related posts

Leave a Reply

Your email address will not be published. Required fields are marked *