
കൊച്ചി: കളി കാര്യമാകരുതെന്ന് ബി.ജെ.പി സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ പൊട്ടിത്തെറികളിലേക്ക് പോകരുതെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണനാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനാണ് കൊച്ചിയില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നതെങ്കിലും ബി.ജെ.പിയിലെ തര്‍ക്കങ്ങളും യോഗം ചര്‍ച്ചയ്‌ക്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ ശോഭാ സുരേന്ദ്രന്റെ നിലപാടുകളില്‍ മൃദുസമീപനം സ്വീകരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്‍പര്യം. ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണെന്ന സി.പി.രാധാകൃഷ്ണന്റെ പ്രസ്താവന ഇതിന് തെളിവാണ്.
ശോഭാ സുരേന്ദ്രന്റെ നിലപാടുകളോടുള്ള സമീപനത്തിലും സംസ്ഥാന ഘടകത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ശോഭാ സുരേന്ദ്രന്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നത് ന്യായീകരിക്കാനാവാത്ത തെറ്റാണെന്നാണ് മുരളീധര പക്ഷത്തിന്റെ അഭിപ്രായം പാര്‍ട്ടിയില്‍നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ല. അച്ചടക്ക നടപടി ക്ഷണിച്ചുവരുത്ത നടപടിയാണ് ശോഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. അവര്‍ക്കെതിരെ നടപടി വേണമെന്നും മുരളീധരപക്ഷ നേതാക്കള്‍ അറിയിച്ചു. എന്നാല്‍, പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് കൃഷ്ണദാസ് പക്ഷത്തിനുള്ളത്. ഇരുകൂട്ടരും വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്നും അവര്‍ പറയുന്നു.