
വര്‍ക്കല: സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. കടകംപള്ളി സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ സമ്മേളനത്തിലാണ് സംഭവം. മൂന്നു പേരെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് കയ്യാങ്കളി നടന്നത്. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ ഇടവ മേഖലാസെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ അതുൽ, അഡ്വ.നഹാസിന്റ്റെ മകനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ ഭരത് നഹാസ് ,അജിത് സാഗർ ,നബീൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഏരിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത് ഏകപക്ഷീയമാണെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. ഏരിയ സെക്രട്ടറി രാജീവിന്റെ മകന്‍ ലെനിന്‍, മുന്‍ ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകള്‍ സ്മിത എന്നിവരെ ഉള്‍പ്പെടുത്തിയതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ എഫ് നഹാസിനേയും ,എസ്.എഫ്.ഐ ജില്ല നേതാവും ഇടവ പഞ്ചായത്തംഗവുമായ റിയാസ് വഹാബിനെയും ഉള്‍പ്പെടുത്താത്തതും തര്‍ക്കത്തിന് കാരണമായി. ഇവരെ അനുകൂലിക്കുന്ന പുറത്തുനിന്നും വന്ന പ്രവര്‍ത്തകര്‍
സമ്മേളന ഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇവരെ വളണ്ടിയര്‍മാര്‍ തടഞ്ഞു. ഇതിനുശേഷമാണ് സംഘര്‍ഷമുണ്ടായത്.
ജില്ല സമ്മേളനത്തിലേക്കുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പായിരുന്നു ആദ്യം. പ്രതിനിധികളുടെ പാനലാണ് അവതരിപ്പിച്ചത്. ഇതോടെ അഡ്വ.എഫ്.നഹാസ്, അഡ്വ.എം.എം.ഫാത്തിമ എന്നിവർ മത്സരിക്കുന്നുവെന്ന് അറിയിച്ചു. പാനൽ അംഗീകരിക്കണമെന്ന അഭ്യർഥന ഇവർ നിരാകരിച്ചു. തുടർന്ന് ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് കടന്നു. 21 അംഗ കമ്മിറ്റിയിൽ നിലവിലുണ്ടായിരുന്ന ആറുപേരെ ഒഴിവാക്കിയും പുതുതായി നാലുപേരെ ഉൾപ്പെടുത്തിയുമാണ് പാനൽ അവതരിപ്പിച്ചത്. പുതുതായി നാലുപേർ ഇടംപിടിച്ചു. രണ്ട് ഒഴിവുകൾ ജില്ല സമ്മേളനത്തിന് ശേഷം നികത്തുമെന്നും പ്രഖ്യാപനമുണ്ടായി. ഇതോടെ എസ്.എഫ്.ഐ ജില്ല നേതാവും സെനറ്റംഗവുമായ റിയാസ് വഹാബ്, ടി. അനിൽകുമാർ, ബി. വിശ്വൻ, തങ്കമണി, ടി.എൻ. ഷിനു തങ്കൻ എന്നിവർ മത്സരിക്കുന്നുവെന്ന് അറിയിച്ചു. എന്നാൽ, പാനൽ അംഗീകരിച്ച് പാസാക്കിയെന്ന് പ്രിസീഡിയം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സമ്മേളന ഹാളിലും പ്രതിഷേധം ഉയർന്നു. എട്ടുപേര്‍ മത്സരിക്കാന്‍ തയ്യാറായെങ്കിലും നേതൃത്വം അനുവദിച്ചിരുന്നില്ല. പ്രതിഷേധക്കാര്‍ ഡയസിലേക്ക് നിങ്ങുമ്പോള്‍ മുതിര്‍ന്ന നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എം വിജയകുമാറും അവിടെയുണ്ടായിരുന്നു.