

ചിറയിൻകീഴ്: നാലു കോടിയുടെ നിരോധിത പുകയില ഉള്‍പ്പന്ന ങ്ങള്‍ ചിറയിൻകീഴ് പൊലിസ് പിടികൂടി. മിനറൽ വാട്ടർ കച്ചവടത്തിൻെറ മറവിലാണ് ഗോഡൗണ്‍ വാടകക്കെടുത്ത് നിരോധിത പുകയില ഉൽപ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള മാഫിയ സംഘമാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

ഇരുന്നൂറിലധികം ചാക്കുകളിയായി ലഹരിവസ്തുക്കൾ സൂക്ഷിച്ചി രുന്നതിൽ ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശി ഷിജുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. അഴൂർ തെറ്റിച്ചിറയിലാണ് വിശാലമായ ഗോഡൗണ്‍ പ്രവർത്തിച്ചിരുന്നത് . എട്ടുമാസം മുമ്പാണ് വഞ്ചിയൂർ സ്വദേശി ഷിജുവിൻെറ പേരിൽ ഗോഡൗണ്‍ വാടക്കെടുത്തത്. നാട്ടുകാരുടെയും യൂണിയൻ കാരുടെയും ശ്രദ്ധ തെറ്റിക്കാനാണ് മിനറൽ വാട്ടറിന്റെയും ബിസ്ക്കറ്റിന്റെയും ലോഡ് ഇറക്കിയത്. യൂണിയൻകാരുടെയും നാട്ടുകാരുടെയും ശ്രദ്ധ കുറഞ്ഞു തുടങ്ങിയതോടെ മിനറൽ വാട്ടറിൻെറ മറവിൽ നിരോധിത ഉള്‍പ്പന്നങ്ങള്‍ കടത്തികൊണ്ടുവന്നു.

കർണാടകയിൽ നിന്നും കടത്തികൊണ്ടുവരുന്ന നിരോധിത ഉൽപ്പന്നങ്ങൾ ഗോഡൗണിൽ ശേഖരിച്ച് പല സ്ഥലങ്ങളിലായി വിൽപന തുടങ്ങി. തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് വിൽപ്പന. ക്രിസ്തുമസ് , ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻെറ ഭാഗമായി റൂറൽ ഷാഡോ പൊലീസ് സംഘം ഈ ഗോഡൗണ്‍ കേന്ദ്രീകരിച്ചു ദിവസങ്ങളോളം നിരീക്ഷണം നടത്തി വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് പൊലീസ് ഗോഡൗണിൽ പരിശോധനക്കെത്തിയത്.

ഗോഡൗണിൽ നിന്നും കടകളിലേക്ക് ഉൽപ്പന്നങ്ങളെത്തിക്കുന്നതിന് പ്രത്യേക ഏജൻറുമാർ ഉണ്ടായിരുന്നു. നാലു കോടിയിലധികം രൂപ വിലമതിക്കുന്ന പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത കേസിൽ ഗോഡൗണ്‍ വാടകക്കെടുത്ത ഷിജു മാത്രമാണ് പിടിയിലായത്. ഇതിന് പിന്നിലെ പ്രധാന കണ്ണിയെയും മറ്റുള്ള സംഘത്തെയും ഇനി പിടികൂടാനുണ്ട്. ഇവരെക്കുറിച്ചുള്ള സൂചന ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് . റൂറൽ എസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് . ചിറയിൻകീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നും പോലീസ് പറഞ്ഞു .

