
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെതിരായ മുഖ്യമന്ത്രിയുടെ പ്രമേയം നിയമസഭ പാസ്സാക്കി. സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു. സി.എ.ജി റിപ്പോര്‍ട്ട് ഏകപക്ഷീയമായി തയാറാക്കിയതാണെന്നും റിപ്പോര്‍ട്ടില്‍ കിഫ്ബിയുമായി ബന്ധപ്പെട്ടുള്ള പല പരാമര്‍ശങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പ്രമേയത്തില്‍ പറയുന്നു.
കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റാണ്. കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് സി.എ.ജിക്ക് വ്യക്തമായ ധാരണയില്ല-പ്രമേയത്തില്‍ പറയുന്നു. സി.എ.ജി റിപ്പോര്‍ട്ട് നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സഭയുടെ ഉത്കണ്ഠ സിഎജിയെ പ്രമേയത്തിലൂടെ അറിയിക്കുന്നുവെന്നും വ്യക്തമാക്കുന്നു.
പ്രതിപക്ഷം പ്രമേയത്തെ ശക്തമായി എതിര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. അത്തരം നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാന്‍ തയാറാവാത്ത കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും ആ നിലപാടിന് ഉദാഹരണമാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രമേയമെന്നും എം.കെ മുനീര്‍ പറഞ്ഞു. എതിര്‍ത്ത് സംസാരിക്കുന്നവരെ നിഷ്‌കാസനം ചെയ്യുക എന്ന നിലപാടാണ് ഈ പ്രമേയത്തിലൂടെ ആവര്‍ത്തിക്കപ്പെട്ടതെന്നും മുനീര്‍ സഭയില്‍ പറഞ്ഞു.