

കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്പില്‍ ജെയ്സണ്‍ തോമസ്(44), ഭാര്യ മെറീന(29), മക്കളായ ജെറാള്‍ഡ്(4), ജെറീന(2), ജെറില്‍(ഏഴുമാസം) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ ശ്വാസംമുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ജെയ്‌സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.


ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം മരിക്കുന്നതിന് മുമ്പ് തന്റെ ജ്യേഷ്ഠനെ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഉരുളികുന്നം സ്വദേശികളായ ജെയ്സണും മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ജയ്സണ്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. രണ്ടുവര്‍ഷമായി കുടുംബം പൂവരണിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


