Breaking News

വർക്കലയിൽ സെപ്റ്റിക് ടാങ്കിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ അക്കരവിള ചിറ്റിലക്കാട്ടിൽ സെപ്റ്റിക് ടാങ്കിൽ വീണ വീട്ടമ്മയെ വർക്കല അഗ്നിരക്ഷാ സേന കഠിന പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി.കക്കൂസിന്റെ സ്ലാബ് ഇളകിയതിനെ തുടർന്ന് സജീന ഏകദേശം 12 അടി താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു.

അപകടത്തിൽ യുവതിയുടെ കാലിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബും, സമീപത്തുണ്ടായിരുന്ന അമ്മിക്കല്ല്, അടുപ്പ് ഉൾപ്പെടെയുള്ള ഭാരമുള്ള വസ്തുക്കളും വീണ് അനങ്ങാനാകാത്ത അവസ്ഥയിലായി. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു.

മൂന്ന് സേനാംഗങ്ങൾ കുഴിയിലേക്ക് ഇറങ്ങി കഠിന പരിശ്രമത്തിലൂടെ കോൺക്രീറ്റ് സ്ലാബും മറ്റ് വസ്തുക്കളും മാറ്റിയ ശേഷമാണ് സജീനയെ സുരക്ഷിതമായി പുറത്തെടുത്തത്. മുഖത്തും കൈയ്ക്കും നിസാര പരിക്കേറ്റ സജീനയെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഓഫീസർ ഹരിലാൽ എസ്. എസ്.യുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുനിൽകുമാർ, റെജിമോൻ, ശംഭു, ഷൈൻ, രതീഷ്, പ്രണവ്, വിഷ്ണു, സുൽഫി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന ജനപ്രതിനിധികളും നാട്ടുകാരും അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെയും ആത്മാർഥമായ രക്ഷാപ്രവർത്തനത്തെയും അഭിനന്ദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *