
കണ്ണൂര്‍: രണ്ട് മാസം മുമ്പ് എലത്തൂരില്‍ ട്രെയിന്‍ തീവയ്പ് നടന്ന കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് ട്രെയിനില്‍ വീണ്ടും തീപിടിത്തം. എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനാണ് തീയിട്ടതെങ്കില്‍ ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിനാണ് തീപിടിച്ചത്. രണ്ട് മാസത്തെ ഇടവേളയില്‍ ഒരേ ട്രെയിനിന് തന്നെ രണ്ടാമതും തീപിടിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നു. എലത്തൂര്‍ സംഭവത്തില്‍ കേസ് എന്‍.ഐ.എ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ബുധനാഴ്ച രാത്രി ആലപ്പുഴയില്‍നിന്ന് തിരിച്ചെത്തിയ ട്രെയിനില്‍നിന്ന് യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഒരു ബോഗി പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്. ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ സംശയിക്കുന്നത്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഇല്ലാതിരുന്നതുകൊണ്ടും മറ്റ് കോച്ചുകള്‍ വേര്‍പെടുത്തിയതുകൊണ്ടും ആളപായവും വന്‍ നാശനഷ്ടവും ഉണ്ടായില്ല.
