

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പതിനഞ്ച് കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒന്നാം നമ്പര്‍ പ്ലാറ്റഫോമിലെ സ്റ്റെപ്പിനടിയില്‍ ഒരു ബോക്സില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. ഇത് ചെന്നൈ-തിരുവനന്തപുരം മെയില്‍ ട്രെയിനില്‍ കൊണ്ടുവന്നതാന്നെന്നാണ് സംശയിക്കപ്പെടുന്നത്. വിപണിയില്‍ മൂന്ന് ലക്ഷം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്.പി.എഫ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നതിനാല്‍ പുറത്തുകൊണ്ടുപോകുവാന്‍ കഴിയാത്തത്തിനാല്‍ ഒളിപ്പിച്ചു വച്ചിരുന്നതാണെന്നു പരിശോധനയില്‍ മനസിലായിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തില്‍ സംയുക്ത പരിശോധന നടത്തുന്നതാണെന്ന് എക്സൈസും ആര്.പി.എഫും അറിയിച്ചു. എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍.ഷിബുവിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എസ്.ഐ വര്‍ഷ മീനയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രതീഷ്.ആര്, പ്രിവെന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സന്തോഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സുരേഷ് ബാബു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ഷാനിദ, ആര്.പി.എഫ് അസി.സബ് ഇന്‍സ്പെക്ടര്‍മാരായ ജോജി ജോസഫ്, എം.ടി.ജോസ്, പ്രയ്സ് മാത്യു, ഹെഡ് കോണ്‍സ്റ്റബിള്‍ നിമോഷ്, കോണ്‍സ്റ്റബിള്‍മാരായ മനു, ജെറിന് എന്നിവരും പങ്കെടുത്തു.

