
ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷക സംഘടനയായ യുണൈറ്റഡ് ഫാര്‍മേര്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നിരാഹാസ സമരം ആരംഭിച്ചു. ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് നാല്പതോളം കര്‍ഷക സമര നേതാക്കള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. രാവിലെ 8 മുതല്‍ ആരംഭിച്ച നിരാഹാരം വൈകിട്ട് 5 വരെ തുടരും. ഇതോടെ മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന കര്‍ഷക സമരം 20-ാം ദിനം പിന്നിട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എ.എ.പി കൂടി കര്‍ഷക സമരത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതോടെ സമരം കൂടുതല്‍ ശക്തമാകും.
കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി കര്‍ഷക നേതാവ് ഗുര്‍ണാം സിങ് രംഗത്തെത്തി. ചില സംഘടനകളെ വശത്താക്കി കേന്ദ്ര സര്‍ക്കാര്‍ സമരം പൊളിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇത്തരം സംഘടനകളൊന്നും കര്‍ഷക സമരത്തിന്റെ ഭാഗമല്ലെന്നും ഗുര്‍ണാം സിങ് വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക സമരത്തിന് പിന്തുണയുമായി ഡല്‍ഹിയിലേക്കെത്തുന്ന കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് തടയുന്നുവെന്നും കര്‍ഷ സംഘടന നേതാക്കള്‍ ആരോപിക്കുന്നു. രാജസ്ഥാനില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ രാജസ്ഥാന്-ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞത് ഇതിന്റെ ഭാഗമായാണെന്നും അവര്‍ പറയുന്നു.
അതേസമയം, കര്‍ഷക സംഘടനകള്‍ കൂടുതല്‍ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യ തലസ്ഥാനത്ത് സുരക്ഷയും കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ഷകര്‍ കൂട്ടമായി ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്താതിരിക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. പോലീസിനെ കൂടാതെ അര്‍ദ്ധ സൈനിക വിഭാഗത്തെയും ദ്രുത കര്‍മ്മസേനയെയും സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിട്ടുണ്ട്. കര്‍ഷകരെ തടയുന്നതിനായി പല സ്ഥലത്തും കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.