

ആലപ്പുഴ: എസ്.എഫ്.ഐയെ വിടാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെയാണ് ഇത്തവണ പരാതി ഉയര്‍ന്നിരിക്കുന്നത്. എം.കോം പ്രവേശനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്നതാണ് നിഖിലിനെതിരെ ഉയര്‍ന്ന പരാതി. 2018-20 കാലയളവില്‍ കായംകുളം എം.എസ്.എം കോളേജിലെ വിദ്യാര്‍ത്ഥി ആയിരുന്ന നിഖില്‍ 2021-ല്‍ ഇതേ കോളേജില്‍ എം.കോമിന് ചേര്‍ന്നു. എം.കോമിന് പ്രവേശനം ലഭിക്കാനായി 2019-21 കാലത്തെ കലിംഗ യൂണിവേഴ്സിറ്റിയുടെ ബി.കോം സര്‍ട്ടിഫിക്കറ്റാണ് നിഖില്‍ ഹാജരാക്കിയിട്ടുള്ളത്.

അങ്ങനെയെങ്കില്‍ കായംകുളത്തും കലിംഗ യൂണിവേഴ്സിറ്റിയിലും ഒരേ കാലത്ത് ഇയാള്‍ എങ്ങിനെ പഠിച്ചു എന്നതാണ് ഇപ്പോള്‍ ഉയരുന്ന വിവാദം. ഇതോടെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയവും ഉയര്‍ന്നു. ബി.കോം പാസ്സായതിന് ശേഷമാണോ ഇയാള്‍ പ്രവേശനം നേടിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിവാദമായതോടെ നിഖില്‍ തോമസിനെ ജില്ലാ കമ്മിറ്റി, കായംകുളം ഏരിയാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നും എസ്.എഫ്.ഐ നീക്കം ചെയ്തു. നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ഥിയായിട്ടുള്ള ജില്ലാ കമ്മിറ്റി അംഗമാണ് പരാതി നല്‍കിയത്.
