Breaking News

വസ്തുതർക്കം; വീട്ടമ്മയ്ക്ക് വെട്ടേറ്റു, ബന്ധുക്കൾക്കെതിരെ വധശ്രമക്കേസ്

കഴക്കൂട്ടം: വസ്തു തർക്കത്തെത്തുടർന്ന് വീട്ടമ്മയ്ക്ക് ബന്ധുക്കളുടെ വെട്ടേറ്റ സംഭവത്തിൽ അനുജത്തിയുടെ മകനെയും ചെറുമകനെയുംതിരെ കഴക്കൂട്ടം പോലീസ് വധശ്രമക്കേസ് രജിസ്റ്റർ ചെയ്തു. കഴക്കൂട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപം ശ്രീനഗർ വാഴപ്പണവീട്ടിൽ ഉഷയ്ക്ക് (68) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 6.15ഓടെയായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഉഷയും സമീപത്ത് താമസിക്കുന്ന സഹോദരിയുടെ കുടുംബവുമായി ദീർഘകാലമായി വസ്തു തർക്കം നിലനിന്നിരുന്നതായി പോലീസ് അറിയിച്ചു.

വൈകുന്നേരം ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നാണ് ഉഷ പോലീസിന് നൽകിയ മൊഴി. ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കും വെട്ടേറ്റ ഉഷയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ ഉഷ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നേരത്തെയും വയോധികയ്ക്ക് നേരെ ആക്രമണവും വധഭീഷണിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പരിക്കേറ്റ ഉഷ മുൻപ് കഴക്കൂട്ടം പോലീസ് പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പോലീസ് വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *