

വര്‍ക്കല: വര്‍ക്കല നഗരസഭ വ്യവസായ വകുപ്പിന്റെ പൊതു സംരംഭകത്വ ബോധവത്ക്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. ചിറയിന്‍കീഴ് താലൂക്ക് വ്യവസായ ഓഫീസും വര്‍ക്കല നഗരസഭയും സംയുക്തമായാണ് ആഗസ്റ്റ് 18 ന് ശില്‍പശാല സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് നഗരസഭ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ശില്‍പശാല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും.

ഒരു വര്‍ഷം ഒരു ലക്ഷം പുതു സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആഗസ്റ്റ് 18 ന് ശില്‍പശാല സംഘടിപ്പിക്കുന്നത്. സംരംഭം എന്ന സ്വപ്‌നം മനസില്‍ സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാമെന്ന് നഗരസഭ അറിയിച്ചു. വ്യവസായ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ചും ലോണ്‍, ലൈസന്‍സ് നടപടികളെ കുറിച്ചും ഉദ്യോഗസ്ഥരുമായി സംവദിക്കാനുള്ള അവസരം ശില്‍പശാലയില്‍ ഉണ്ടാകും.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി.ആര്‍.വി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നഗരസഭ വ്യവസായ വികസന ഓഫീസര്‍ സ്റ്റാന്‍ലി.ജി.എസ് സ്വാഗതം പറയും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി മുഖ്യപ്രഭാഷണം നടത്തും. എങ്ങനെ മികച്ച സംരംഭകനാകാം എന്നതിനെ കുറിച്ചും വ്യവസായ വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികളെ കുറിച്ചും ശില്‍പശാലയില്‍ ക്ലാസ്സുകള്‍ ഉണ്ടാകും. വ്യവസായ വികസന ഓഫീസര്‍ സ്റ്റാന്‍ലി.ജി.എസ്, ഇ.ഡി.ഇ മാരായ വിനീഷ്.വി, അര്‍ഷാദ്.എ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.
