

തിരുവനന്തപുരം: കാട്ടാക്കട പഞ്ചായത്തില്‍ വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. രാവിലെ 9 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ ദേശീയ പതാക ഉയര്‍ത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി, മറ്റ് ജീവനക്കാര്‍, ഹരിത സേന അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 10.30ന് കുറ്റിക്കാട് കുളം മുതല്‍ മൈലാടി കുളം വരെ തിരംഗ യാത്ര സംഘടിപ്പിച്ചു. അമൃത് സരോവര്‍ പദ്ധതിയുടെ ഭാഗമായ മൈലാടി കുളം പരിസരത്ത് വിപുലങ്ങളായ പരിപാടികളാണ് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്. മുതിര്‍ന്ന വ്യക്തിയാണ് ഇവിടെ പതാക ഉയര്‍ത്തിയത്.

അമൃത വാടി പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരജവാന്മാരുടെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികര്‍ വൃക്ഷത്തൈകള്‍ നട്ടു. നാല് സ്വാതന്ത്ര്യസമര സേനാനികളുടെയും രക്തസാക്ഷിത്വം വരിച്ച ഒരു ധീരജവാന്റെയും പേരുകള്‍ ആലേഖനം ചെയ്ത ശിലാഫലകം ഇവിടെ അനാച്ഛാദനം ചെയ്തു.

എന്റെ മണ്ണ്, എന്റെ ദേശം എന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജ് മോഹന്‍ പ്രാഗ് പ്രതിജ്ഞയും തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ ഷീജാ ബീഗം മാലിന്യ ശുചിത്വ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കുട്ടികള്‍ക്കായി ചിത്ര രചനാമത്സവും പ്രസംഗ മത്സരവും വിവിധങ്ങളായ മറ്റ് കലാപരിപാടികളും ഇവിടെ മൈലാടി കുളം പരിസരത്ത് സംഘടിപ്പിച്ചു. മംഗലംകളിയെന്ന സാംസ്‌കാരിക നൃത്തരൂപവും അരങ്ങേറി.