‘ഒരു രാജ്യം, ഒരു മൊബിലിറ്റി കാര്‍ഡ്’ പദ്ധതിക്കും തുടക്കം

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഡല്‍ഹി മെട്രോയിലെ മജന്താ ലൈനിലായിരുന്നു ഫ്‌ളാഗ് ഓഫ്. ഈ അതിനൂതന സംവിധാനം നിലവിലുള്ള ലോകത്തെ ഏഴു ശതമാനം മാത്രം വരുന്ന മെട്രോ റെയില്‍ ശൃംഖലയിലേക്ക് ഡല്‍ഹി മെട്രോയും കടന്നെത്തി. പിങ്ക് ലൈനിലും വൈകാതെതന്നെ ഈ സംവിധാനം ഏര്‍പ്പെടുത്തും.
നഗര വികസനത്തെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ല്‍ അഞ്ച് നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന മെട്രോ റെയില്‍ ഇന്ന് 18 നഗരങ്ങളില്‍ ലഭ്യമാണ്. 2025 ഓടെ മെട്രോ ട്രെയിന്‍ സര്‍വീസ് 25 ഓളം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 2014 ല്‍ 248 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പാത ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ അതിന്റെ മൂന്നുമടങ്ങ്, അതായത് 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാതയുണ്ട്. 2025 ഓടെ ഇത് 1700 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സമ്പ്രദായം, പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഡല്‍ഹിയും മീററ്റും തമ്മിലുള്ള ദൂരം ഒരു മണിക്കൂറായി കുറയും. യാത്രക്കാരുടെ എണ്ണം കുറവായ നഗരങ്ങളില്‍ മെട്രോ ലൈറ്റ് പദ്ധതി പുരോഗമിക്കുന്നു. സാധാരണ മെട്രോ ചെലവിന്റെ 40% വിനിയോഗിച്ച് മെട്രോ ലൈറ്റ് പദ്ധതി നടപ്പാക്കാനാവും. യാത്രക്കാര്‍ വളരെ കുറഞ്ഞ നഗരങ്ങളില്‍ മെട്രോ നിയോ പദ്ധതി നടപ്പാക്കും. ഇതിന് സാധാരണ മെട്രോ ചെലവിന്റെ 25 ശതമാനം മാത്രം മതിയാകും. ജലഗതാഗത സൗകര്യമുള്ള നഗരങ്ങളില്‍ ജലമെട്രോ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഒറ്റ കാര്‍ഡിലൂടെ എല്ലാവിധ യാത്രകളും നടത്താനാകുന്ന ‘ഒരു രാജ്യം, ഒരു മൊബിലിറ്റി കാര്‍ഡ്’ പദ്ധതിക്കും ഡല്‍ഹി മെട്രോയില്‍ തുടക്കമായി. എല്ലാ പൊതുഗതാഗത സംവിധാനത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന കാര്‍ഡാണ് വിഭാവനം ചെയ്യുന്നതെന്നും ഇതിലൂടെ യാത്രാടിക്കറ്റുകള്‍ക്കു ക്യൂ നില്‍ക്കുന്ന സമയം ഭാവിയില്‍ ലാഭിക്കാനാകുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.