Breaking News

ഡിആർഡിഒയുടെ ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ രംഗത്ത് സുപ്രധാന നേട്ടമായി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ (എൽആർഎൽസിഎം) പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്ന് 2026 ജൂൺ 15-നാണ് മിസൈൽ വിക്ഷേപിച്ചത്.

ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച വിവിധ ട്രാക്കിംഗ് സംവിധാനങ്ങൾ ശേഖരിച്ച വിവരങ്ങൾ പ്രകാരം പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും പൂർണമായി കൈ വരിച്ചതായി ഡിആർഡിഒ അറിയിച്ചു.ഡിആർഡിഒയുടെ വിവിധ ലബോറട്ടറികളും ഇന്ത്യൻ വ്യവസായ പങ്കാളികളും ചേർന്ന് വികസിപ്പിച്ച തദ്ദേശീയ സാങ്കേതികവിദ്യയിലുള്ള മിസൈലാണ് എൽആർഎൽസിഎം. ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് പദ്ധതിയുടെ നോഡൽ ലബോറട്ടറി. ഡിആർഡിഒയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ നാവികസേനയുടെയും വ്യോമസേനയുടെയും പ്രതിനിധികളും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.

മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒ ശാസ്ത്രജ്ഞരെയും വ്യവസായ പങ്കാളികളെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. വിക്ഷേപണ വേളയിൽ പ്രതിരോധ സെക്രട്ടറിയും ഗവേഷണ-വികസന സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ രാജേഷ് കുമാർ സിംഗ് പരീക്ഷണ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുകയും വിജയത്തിൽ പങ്കാളികളായ മുഴുവൻ സംഘത്തെയും അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റത്തിൽ എൽആർഎൽസിഎമ്മിന്റെ വിജയകരമായ പരീക്ഷണം മറ്റൊരു പ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *