
പത്തനംതിട്ട: മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത(103) കാലം ചെയ്തു. ഇന്ന് പുലര്‍ച്ചെ 1.15നായിരുന്നു അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളിലേക്ക് മാറ്റുന്ന മൃതദേഹം നാളെ കബറക്കും.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ വെള്ളിയാഴ്ച തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. ചിരിയും ചിന്തയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ പ്രസംഗങ്ങള്‍. അതുകൊണ്ടുതന്നെ പ്രസംഗവേദികളിലെ ജനപ്രിയനുമായിരുന്നു അദ്ദേഹം.
കുമ്പനാട് വട്ടക്കോട്ടാല്‍ അടങ്ങപ്പുറത്ത് കലമണ്ണില്‍ കെ.ഇ.ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടില്‍ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രില്‍ 27 അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. 1922 മുതല്‍ 26 വരെ മാരാമണ്‍ പള്ളി വക സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1926 മുതല്‍ 1930 വരെ മാരാമണ്‍ മിഡില്‍ സ്‌കൂളിലും 1931 മുതല്‍ 32 വരെ കോഴഞ്ചേരി ഹൈസ്‌ക്കൂളിലും 1932 മുതല്‍ 33 വരെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂളിലും പഠനം. 1933 മുതല്‍ 39 വരെ ആലുവ യുസി കോളജ് വിദ്യാര്‍ഥി. ഇതിനിടെ 1936ല്‍ മാതാവിന്റെ വേര്‍പാട്. 1940ല്‍ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 47 വരെ അവിടെ തുടര്‍ന്നു. 1943ല്‍ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ വൈദിക പഠനം.
രാജ്യം മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ക്രൈസ്തവ സഭ ആചാര്യനാണ് മാര്‍ ക്രിസോസ്റ്റം തിരുമേനി. രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അഞ്ചു സഹോദരങ്ങളുണ്ട്.