

ബംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ഡി.എം.കെയും കോണ്‍ഗ്രസും. പ്രതിപക്ഷം ഐക്യം തകര്‍ക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമമെന്നും എന്നാല്‍ താനും തന്റെ പാര്‍ട്ടിയും ഒന്നിനെയും ഭയക്കുന്നില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഇ.ഡി തങ്ങളുടെ ജോലി എളുപ്പമാക്കിയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇ.ഡി തങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും ഇ.ഡിയുടെ നടപടികളെ നേരിടാന്‍ അറിയാമെന്നും വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ഡിഎംകെയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും സ്റ്റാലിന്‍ പരിഹസിച്ചു.

തമിഴ്‌നാട് പി.സി.സിയും റെയ്ഡിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. ഇ.ഡിയെ ഉപയോഗിച്ചുള്ള വിരട്ടല്‍ കണ്ട് പേടിക്കില്ലെന്ന് തമിഴ്‌നാട് പി.സി.സി അധ്യക്ഷന്‍ കെഎസ്.അഴഗിരി പറഞ്ഞു. ഇ.ഡി നടപടികള്‍ ബി.ജെ.പിയെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവുമായി ബന്ധപ്പെട്ടായിരുന്നു ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റെയും വിമര്‍ശനങ്ങള്‍. പാറ്റ്‌ന യോഗത്തിന്റെ തുടര്‍ച്ചയാണ് നാളത്തെ യോഗം. രാജ്യത്ത് ഇ.ഡി രാജാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാലും ജയറാം രമേശും വിമര്‍ശിച്ചു.

മണിപ്പൂര്‍ കലാപം, രാഹുലിന്റെ അയോഗ്യത, വിലക്കയറ്റം, മഹാരാഷ്ട്രയിലെ അട്ടിമറി തുടങ്ങിയ വിഷയങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മണിപ്പൂര്‍ കലാപത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീക്കങ്ങളൊന്നും ഉണ്ടായില്ലെന്നും പ്രധാനമന്ത്രി മോദി അക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി. ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിക്കാനാണ് പ്രതിപക്ഷ ഐക്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
