Breaking News

പൈവേലികോണം–ഇടമൺനില റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ജില്ലാ കളക്ടറുടെ ഇടപെടൽ

നാവായിക്കുളം: പൈവേലികോണം–ഇടമൺനില റോഡിൽ പത്ത് വർഷത്തിലേറെയായി തുടരുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ തിരുവനന്തപുരം ജില്ലാ കളക്ടർ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മായാറാണിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം കളക്ടറെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും പൊതുമരാമത്ത് വകുപ്പ് നിർവഹണം നടത്തിയതുമായ പ്രധാന റോഡിനോട് ചേർന്നാണ് ഇടമൺനില എൽ.പി.എസ്. സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസേന വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെ ദുരിതയാത്ര നടത്തുന്നത്. ആരോഗ്യ പ്രശ്നങ്ങൾക്കും പകർച്ചവ്യാധി ഭീഷണിക്കും ഇത് കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള ചില ഭൂവുടമകൾ മതിലുകൾ നിർമിച്ച് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് ജനപ്രതിനിധികൾ കളക്ടറോട് അറിയിച്ചു.

പൊതുവഴി കൈയേറിയും സ്വാഭാവിക തോടുകൾ അടച്ചും നടത്തിയ നിയമവിരുദ്ധ നിർമാണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.പ്രശ്നത്തിന്റെ ഗൗരവം വിലയിരുത്തിയ ജില്ലാ കളക്ടർ, അടിയന്തര ഇടപെടലിനായി പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) തിരുവനന്തപുരം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി. ഇരു വകുപ്പുകളുടെയും ഏകോപനത്തോടെ വെള്ളക്കെട്ടിന് സ്ഥിരമായ പരിഹാരം കാണാനാണ് തീരുമാനം.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മായാറാണി, നാവായിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആസിഫ് കടയിൽ, പഞ്ചായത്ത് അംഗം സിയാദ് കല്ലമ്പലം, കുടവൂർ നിസാം എന്നിവർ അടങ്ങുന്ന സംഘം ജില്ലാ കളക്ടറെ കണ്ട് പ്രദേശവാസികൾ നേരിടുന്ന ദുരിതങ്ങളും ഭാവിയിൽ ഉണ്ടാകാവുന്ന ഗുരുതര പ്രശ്നങ്ങളും വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *