Breaking News

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വികസനോത്സവം: ഉദ്ഘാടനം ചെയ്തത് 3 പദ്ധതികള്‍

ജില്ല ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അഡ്വ.വി.ജോയി എം.എല്‍.എ സംസാരിക്കുന്നു

വര്‍ക്കല: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വികസനോത്സവം. ജനറല്‍ വാര്‍ഡ് മന്ദിരത്തിന്റെ ഉദ്ഘാടനം, സോളാര്‍ പവര്‍ പ്ലാന്റ്, സി.സി.ടി.വി എന്നിവയുടെ പ്രവര്‍ത്തനാരംഭം എന്നീ മൂന്ന് വികസന പദ്ധതികളാണ് ഇന്ന് നടന്നത്. 8210 ചതുരശ്ര അടിയില്‍ ആയുഷ് വകുപ്പ് ഫണ്ട് 3.26 കോടി രൂപ വിനിയോഗിച്ച് രണ്ട് നിലയില്‍ പണിത പുതിയ പേയിംഗ് ജനറല്‍ വാര്‍ഡിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. അഡ്വ.വി.ജോയി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പുതുതായി സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എസ്.പ്രിയ കെട്ടിട നിര്‍മ്മാണ പദ്ധതി വിശദീകരിച്ചു. പുതിയ സി.സി.ടി.വി-യുടെ പ്രവര്‍ത്തനം ഡയറക്ടര്‍ ഡോ.കെ.എസ്.പ്രിയ നിര്‍വഹിച്ചു. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി സ്വാഗതം പറഞ്ഞു.
ഡി.എം.ഓ ഡോ.ഷീല മേബ് ലെറ്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പ്രിയദര്‍ശനി, ഗീതാ നസീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.രാഖി, മുന്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി.രഞ്ജിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി.ബൈജു നന്ദി രേഖപ്പെടുത്തി.
1955 ല്‍ 20 കിടക്കകളോട് കൂടിയാണ് വര്‍ക്കലയില്‍ ഗവ.ആയുര്‍വേദ ആശുപത്രി സ്ഥാപിതമായത്. 1975 ല്‍ 30 കിടക്കകള്‍ കൂടി അനുവദിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തി. നിലവില്‍ 50 കിടക്കകള്‍ ഉള്ള ജനറല്‍ വാര്‍ഡും വയോജന പദ്ധതി പ്രകാരമുള്ള 10 പ്രത്യേക കിടക്കകളും 14 പേ വാര്‍ഡുകളും ഉണ്ട്. ആകെ 74 പേര്‍ക്ക് ഒരു സമയം കിടത്തി ചികിത്സ ചെയ്യാന്‍ കഴിയും.
ഡിജിറ്റല്‍ എക്‌സ്‌റേ, സെമി ഓട്ടോമേറ്റഡ് ക്‌ളിനിക്കല്‍ ലബോറട്ടറി, മൈനര്‍ സര്‍ജറി തീയേറ്റര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍, ആധുനിക ഫിസിയോതെറാപ്പി യൂണിറ്റ്, ബ്യൂട്ടി ക്ലിനിക്ക്, ആധുനിക പരിശോധന ഉപകരണങ്ങള്‍ സ്ഥാപിച്ച നേത്ര വിഭാഗം, മൂന്നൂറ് ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടുന്ന ഔഷധത്തോട്ടം, 5 പഞ്ചകര്‍മ്മ തീയേറ്റര്‍ എന്നിവ ഇവിടെയുണ്ട്.
4 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ (മര്‍മ്മം, പഞ്ചകര്‍മ്മം, ശാലാക്യം, ത്വഗ്രോഗം), 3 ജനറല്‍ ഡോക്ടര്‍മാര്‍, ഒരു ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിങ്ങനെ 8 ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *