

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ പനി പടരുന്ന സാഹചര്യത്തില്‍ കടുത്ത നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍. പനി ബാധിച്ച കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്‌കൂളില്‍ അയക്കരുതെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. പനി ബാധിച്ച കുട്ടികള്‍ക്ക് നിര്‍ബന്ധമായും ചികിത്സ നല്‍കണമെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

കുട്ടിയുടെ രോഗവിവരം സ്‌കൂളില്‍ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസില്‍ പല കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ക്ലാസ് ടീച്ചര്‍ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെയും അറിയിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. പകര്‍ച്ചവ്യാധി പിടിപെടുന്ന കുട്ടികള്‍/ ജീവനക്കാര്‍/ അധ്യാപകര്‍ എന്നിവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സ്‌കൂളില്‍ ഡേറ്റ ബുക്ക് ഏര്‍പ്പെടുത്തണം-സര്‍ക്കുലര്‍ വിശദമാക്കുന്നു.

ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫിസിലും ശുചീകരണ പ്രവര്‍ത്തനം നടത്തണം. ഇന്‍ഫ്‌ലുവന്‍സയുടെ ചെറിയ ലക്ഷണങ്ങേളാടുകൂടിയാണെങ്കില്‍ പോലും സ്‌കൂളില്‍ വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകന്‍/ അധ്യാപിക പകര്‍ച്ചവ്യാധി നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
