Breaking News

എന്തുവന്നാലും കാമുകനൊപ്പമെന്ന് പാക് യുവതി; കേസെടുത്ത് പോലീസ്

ഫോട്ടോ: ട്വിറ്റര്‍

നോയിഡ: ഇന്ത്യാക്കാരനായ കാമുകനൊപ്പം ജീവിക്കാന്‍ അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്താനിലെ ഖൈര്‍പുര്‍ സ്വദേശി സീമ ഹൈദറി(27)നെതിരെ പോലീസ് കേസെടുത്തു. ഫോറിനേഴ്സ് ആക്ട്, പാസ്പോര്‍ട്ട് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. യുവതിയുടെ കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍ സിങ്ങിനെ(22)യും ഇയാളുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമവിധേയമല്ലാതെ പാകിസ്ഥാന്‍ യുവതിയെ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള സഹായം ചെയ്തുകൊടുക്കുകയും ഇവര്‍ക്ക് അനധികൃത താമസസൗകര്യം ഒരുക്കിയതിനുമാണ് സച്ചിനെയും പിതാവിനെയും അറസ്റ്റ് ചെയ്തത്.

അതേസമയം, എന്ത് സംഭവിച്ചാലും കാമുകനൊപ്പം ജീവിക്കുമെന്ന നിലപാടിലാണ് പാക് യുവതി. എന്ത് നിയമനടപടിയും നേരിടാന്‍ തയാറാണെന്നും നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ യുവതി പോലീസിനോട് പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് വിവാഹ മോചനം നേടിയെന്നും തനിക്കിനി പാകിസ്ഥാനില്‍ ആകുമില്ലെന്നും ഇനി ഒരിക്കലും അവിടേക്ക് പോകില്ലെന്നുമാണ് യുവതിയുടെ നിലപാട്. സച്ചിനെയാണ് ഇഷ്ടമെന്നും അയാളെ വിവാഹം കഴിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.

സീമ ഹൈദറുമായുള്ള വിവാഹം നടത്തി തരണമെന്നാണ് അറസ്റ്റിലായ സച്ചിന്റെയും ആവശ്യം. വിവാഹം നടത്തിത്തരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യര്‍ഥിക്കുന്നതായും അയാള്‍ വ്യക്തമാക്കി. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സീമ ഹൈദറിനെ ഇഷ്ടമാണെന്നും അവള്‍ പാകിസ്താനി ആയതുകൊണ്ട് മാത്രമാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.

സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിലെത്താനുള്ള വഴി കണ്ടെത്തിയത് യൂട്യൂബ് വീഡിയോകളിലൂടെയാണെന്നാണ് പോലീസ് പറയുന്നത്. വിമാനമാര്‍ഗ്ഗം പാകിസ്താനില്‍നിന്ന് ദുബായിലേക്കും അവിടെനിന്ന് നേപ്പാളിലേക്കും വിമാനത്തില്‍ യാത്രചെയ്യാന്‍ തീരുമാനിച്ചത് ആ അറിവിന്റെ പിന്‍ബലത്തിലാണ്. മേയ് പത്താം തീയതി പാകിസ്താനില്‍നിന്ന് യാത്രതിരിച്ച യുവതിയും നാല് കുട്ടികളും മേയ് 11-ന് കാഠ്മണ്ഡുവിലെത്തി. അവിടെ നിന്ന് ബസില്‍ ഇന്ത്യയിലേക്ക് തിരിച്ച യുവതിയെയും കുട്ടികളെയും കാത്ത് യമുന എക്സ്പ്രസ് വേയില്‍ രാബുപുരയ്ക്ക് സമീപം സച്ചിന്‍ ഉണ്ടായിരുന്നു. പാകിസ്താനിലെ വീടും സ്ഥലവും വിറ്റാണ് യുവതി യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. ഇരുവരും ദമ്പതിമാരെന്ന വ്യാജേന വാടകവീട് സംഘടിപ്പിച്ച് ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു.

പാക് യുവതിയില്‍നിന്ന് ഒരു സിം കാര്‍ഡും അഞ്ച് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താനിലെ തിരിച്ചറിയല്‍ രേഖകള്‍, പാസ്പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വിമാനടിക്കറ്റുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ആദ്യ വിവാഹത്തിന്റെ ദൃശ്യങ്ങളടങ്ങിയ സി.ഡി.യും യുവതിയുടെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസമേ തനിക്കുള്ളൂവെന്ന് പറഞ്ഞ യുവതി കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ എന്നിവയെല്ലാം യുവതി അനായാസം കൈകാര്യംചെയ്യുമെന്നും ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇങ്ങനെയുള്ള ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര ഏജന്‍സികളടക്കം അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *