Breaking News

ആന്ധ്രപ്രദേശിൽ പ്രതിരോധ-വ്യോമയാന പദ്ധതികൾക്ക് തുടക്കം; എഎംസിഎ ടെസ്റ്റിംഗ് സെന്ററിനും നേവൽ നിർമ്മാണ കേന്ദ്രത്തിനും ശിലാസ്ഥാപനം

പുട്ടപർത്തി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ചേർന്ന് സംസ്ഥാനത്ത് വിവിധ തന്ത്രപ്രധാന പ്രതിരോധ-വ്യോമയാന പദ്ധതികൾക്ക് തുടക്കമിട്ടു. ശ്രീ സത്യസായി ജില്ലയിലെ പുട്ടപർത്തിയിൽ നടന്ന ചടങ്ങിൽ എഎംസിഎ (അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ്) പദ്ധതിക്കായുള്ള കോർ ഇന്റഗ്രേഷൻ ആൻഡ് ഫ്ലൈറ്റ് ടെസ്റ്റിംഗ് സെന്ററിനും അനകാപള്ളി ജില്ലയിലെ ടി. സിറസപള്ളി ഗ്രാമത്തിലെ നേവൽ സിസ്റ്റംസ് മാനുഫാക്ചറിംഗ് ഫസിലിറ്റിക്കും ശിലാസ്ഥാപനം നടത്തി.

ശ്രീ സത്യസായി ജില്ലയിലെ മഡകശിറയിൽ ഡിഫൻസ് എനർജറ്റിക്സ് ഫസിലിറ്റിക്കും അമ്യൂണിഷൻ ആൻഡ് ഇലക്ട്രിക് ഫ്യൂസ് പ്ലാന്റിനും ഗ്രൗണ്ടിംഗ് ചടങ്ങുകൾ നടന്നു. കൂടാതെ എട്ട് ഡ്രോൺ കമ്പനികളുടെ കൂട്ടായ്മ കർണൂളിൽ ‘ഡ്രോൺ സിറ്റി’ സ്ഥാപിക്കുന്നതിനും ധാരണയായി. സംസ്ഥാനത്ത് കൂടുതൽ പ്രതിരോധ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി വിവിധ കമ്പനികൾ ആന്ധ്ര സർക്കാരുമായി ധാരണാപത്രങ്ങൾ കൈമാറുകയും ചെയ്തു.

ചടങ്ങിൽ സംസാരിച്ച രാജ്‌നാഥ് സിംഗ് പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൈവരിക്കൽ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് പറഞ്ഞു. “ഈ പദ്ധതികൾ കര, നാവിക, വ്യോമ സേനകളുടെ ആവശ്യങ്ങൾ നിറവേറ്റും. രാജ്യത്തിന്റെ സ്വയംപര്യാപ്തത ലക്ഷ്യമാക്കി പ്രതിരോധ മേഖല മുന്നേറുകയാണ്,” അദ്ദേഹം പറഞ്ഞു. ഈ പദ്ധതികൾ സംസ്ഥാനത്ത് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രാദേശിക എഞ്ചിനീയറിംഗ് കോളേജുകൾ, ഐടിഐകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് വലിയ പിന്തുണയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകദേശം 15,000 കോടി രൂപ ചെലവുള്ള എഎംസിഎ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കോർ ഇന്റഗ്രേഷൻ ആൻഡ് ഫ്ലൈറ്റ് ടെസ്റ്റിംഗ് സെന്ററിന് ഏകദേശം 2,000 കോടി രൂപ ചെലവാകും. ഡി.ആർ.ഡി.ഒ അനുബന്ധ സ്ഥാപനമായ എയറോണോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. “അഞ്ചാം തലമുറ യുദ്ധവിമാനം പറന്നുയരുന്ന ആഗോള കേന്ദ്രങ്ങളിൽ പുട്ടപർത്തിയും ഇടംപിടിക്കും,” രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ 480 കോടി രൂപ ചെലവുള്ള നേവൽ സിസ്റ്റംസ് മാനുഫാക്ചറിംഗ് ഫസിലിറ്റി സ്വയം നിയന്ത്രിത അണ്ടർവാട്ടർ വാഹനങ്ങൾ, ടോർപിഡോകൾ, ജലാന്തർ പ്രതിരോധ സംവിധാനങ്ങൾ എന്നിവ നിർമ്മിക്കും. ഇതുവരെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്ന നിരവധി നിർണായക ഉപകരണങ്ങൾ ഇവിടെ നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഭാരത് ഫോർജിന്റെ അനുബന്ധ സ്ഥാപനമായ അഗ്ന്യാസ്ത്ര എനർജറ്റിക്സ് ലിമിറ്റഡിന്റെ 1,500 കോടി രൂപയുടെ ഡിഫൻസ് എനർജറ്റിക്സ് ഫസിലിറ്റിയും എച്ച്‌എഫ്‌സിഎൽ ലിമിറ്റഡിന്റെ 1,200 കോടി രൂപയുടെ അമ്യൂണിഷൻ-ഇലക്ട്രിക് ഫ്യൂസ് പ്ലാന്റും ഭാവി യുദ്ധസജ്ജതയ്ക്ക് നിർണായകമാകുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

കർണൂളിൽ ആരംഭിക്കുന്ന ഡ്രോൺ സിറ്റിയെ കുറിച്ചും രാജ്‌നാഥ് സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു. “ഡ്രോൺ സാങ്കേതികവിദ്യ ആധുനിക യുദ്ധരംഗത്തെ ഗെയിം ചെയ്ഞ്ചറാണ്. ഭാവിയിൽ ഈ പ്രദേശം രാജ്യത്തിന്റെ ‘ഡ്രോൺ ഹബ്’ ആയി അറിയപ്പെടും,” അദ്ദേഹം പറഞ്ഞു. 2014ൽ 46,000 കോടി രൂപയായിരുന്ന രാജ്യത്തെ പ്രതിരോധ ഉൽപാദനം ഇന്ന് 1.54 ലക്ഷം കോടി രൂപയായി ഉയർന്നതായും അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അത് 1.75 ലക്ഷം കോടി രൂപയിലേക്ക് ഉയരുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
പ്രതിരോധ കയറ്റുമതിയും 600 കോടി രൂപയിൽ നിന്ന് ഏകദേശം 40,000 കോടി രൂപയായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതിരോധ മേഖലയിലെ സ്വദേശിവത്കരണത്തിനും സൈനിക ആധുനികവൽക്കരണത്തിനുമായി കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകൾ പ്രശംസിച്ചു. “ഡിസൈൻ ഇൻ ആന്ധ്രപ്രദേശ്, മേക്ക് ഇൻ ആന്ധ്രപ്രദേശ്, ലീഡ് ഫ്രം ആന്ധ്രപ്രദേശ്” എന്ന ആഹ്വാനവുമായി സംരംഭകരെ അദ്ദേഹം ക്ഷണിക്കുകയും സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *