Breaking News

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനി മരിച്ചു

തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ താമസിച്ചുവന്ന റിസോര്‍ട്ട്‌

വര്‍ക്കല: വര്‍ക്കല ഹെലിപാഡിനടുത്തുള്ള റിസോര്‍ട്ടില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ത്ഥിനി മരിച്ചു. കോയമ്പത്തൂര്‍ നെഹ്‌റു എയ്‌റോനോട്ടിക് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയും തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയുമായ 21കാരിയാണ് മരിച്ചത്. ഇന്ന് രാവിലെ പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ആറര മണിയോടെ പെണ്‍കുട്ടിയെ കൂട്ടുകാര്‍ വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമടക്കം എട്ട് വിദ്യാര്‍ത്ഥികളാണ് കേരതീരം റിസോര്‍ട്ടില്‍ താമസിച്ചിരുന്നത്. മരിച്ച പെണ്‍കുട്ടിയും ആണ്‍സുഹൃത്തും ഈ മാസം ഇരുപതാം തീയതിയാണ് ഇവിടെ റൂമെടുത്തത്. മറ്റുള്ള ആറ് പേര്‍ രണ്ട് ദിവസംമുമ്പേ എത്തി റൂമെടുത്ത് താമസിച്ചുവരുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ വര്‍ക്കല പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്. മരിച്ച പെണ്‍കുട്ടിയുടെയും കൂട്ടുകാരുടെയും രക്ഷകര്‍ത്താക്കളെ വിവരം അറിയിച്ചതായി പോലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ മൊഴികള്‍ മാത്രം വിശ്വസിച്ച് നിയമനടപടികളിലേക്ക് കടക്കാനാവില്ലെന്നും വീട്ടുകാരെത്തി അവരുടെ മൊഴികള്‍ കൂടി കേള്‍ക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹം ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും. ഇതിനെല്ലാം ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം മിഷന്‍ ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിസോര്‍ട്ടില്‍ ഇവര്‍ താമസിച്ചിരുന്ന മുറികള്‍ സീല്‍ ചെയ്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വിശദവിവരങ്ങള്‍ അറിവായിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *