
വര്‍ക്കല: ഇടവ കായലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇടവ വെണ്‍കുളം തെക്കേവയല്ത്തൊടി സന മന്‍സിലില്‍ സാറ ഉമ്മ (72)യുടെ മൃതദേഹമാണ് വെറ്റക്കട പള്ളിക്ക് പുറകുഭാഗത്തായി കണ്ടെത്തിയത്. ഇവരുടെ ഏക മകളായ ഹസീനയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞ് അയിരൂര്‍ പോലീസും വര്‍ക്കല ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വള്ളത്തില്‍ പോയി മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ഉള്ളതായി പോലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധം വികൃതമായ അവസ്ഥയിലായിരുന്നു.

സാറാ ഉമ്മയെ കഴിഞ്ഞ നാലു ദിവസമായി വീട്ടില്‍ നിന്നും കാണാതായിട്ട്. സാധാരണ ഗതിയില്‍ ഇങ്ങനെ പോവാറുണ്ടെന്നും, പോയതിനുശേഷം മടങ്ങിവരാറുണ്ടായിരുന്നു എന്നും മകള്‍ പറഞ്ഞു. എന്നാല്‍ ഇന്ന് രാവിലെ മകള്‍ ഹസീന അമ്മയെ കാണാനില്ല എന്നുപറഞ്ഞ് അയിരൂര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ഉള്ളതായി പോലീസ് വെളിപ്പെടുത്തി. ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. ഇന്‍ക്വിസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. തുടര്‍ നടപടികളുടെ ഭാഗമായി ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് പോലീസ് അറിയിച്ചു.
