

വർക്കല: ബാംഗ്ലൂരിൽ നിന്നും വിമാനം മാർഗ്ഗം കടത്തിക്കൊണ്ടു വന്ന മയക്കുമരുന്നുമായി നാല് യുവാക്കളെ റൂറൽ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തു. വർക്കല അയിരൂർ കിഴക്കേപ്പുറം സ്വദേശികളായ കളിയിക്കൽ ഷാറാഷോറിൽ ഹെർമിൻ ഷറഫ് (19), കളിയിക്കൽ പള്ളികിഴക്കതിൽ വീട്ടിൽ അൽഅമീൻ (21), കളിയിക്കൽ കുന്നിൻചരുവിള വീട്ടിൽ അൽ അമീൻ (28), കൊല്ലം കല്ലുവാതുക്കൽ ശ്രീരാമപുരം സ്വദേശി ശ്രീഅഞ്ജന ഹൗസിൽ ആദിത്യൻ(20) എന്നിവരെയാണ് ജില്ലാ റൂറൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.

വിമാനത്താവളത്തിൽ നിന്നും കാറിൽ തീരദേശ പാത വഴി വർക്കലയിലേക്ക് വന്ന നാല് യുവാക്കളെയാണ് ജില്ലാ റൂറൽ എസ് ബി സുദർശൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രദീപിന്റെ നിയന്ത്രണത്തി ലുള്ള ഡാൻസാഫ് സംഘം പ്രതികളെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം വാഹനം തടഞ്ഞ് പിടികൂടിയത്.
പ്രതികളുടെ വാഹനവും, ദേഹ പരിശോധനയും നടത്തിയതിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എംഡി എം എ പിടിച്ചെടുത്തു. പ്രതികളുടെ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കും, മെഡിക്കൽ വിദ്യാർഥികൾക്കും വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു എന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

ഡാൻസാഫ് സബ്ഇൻസ്പെക്ടർമാരായ സഹിൽ, ബിജു, എ എസ് ഐ രാജീവ്, എസ് സി പി ഒ മാരായ അനൂപ്, വിനീഷ്, ദിനോർ സി.പി ഒ മാരായ സുനിൽ രാജ്, ഫാറൂഖ് എന്നിവരാണ് അടങ്ങുന്ന എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിൻതുടർന്ന് പിടികൂടിയത്. പ്രതികളെ അഞ്ചുതെങ്ങ് പോലീസിന് കൈമാറി. തുടർ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.

