
വർക്കല: നൂറുകണക്കിന് സ്കൂൾ-കോളേജ് വിദ്യാർത്ഥികളും യാത്രക്കാരും ദിവസേന ആശ്രയിക്കുന്ന വർക്കല പാലച്ചിറ ജംഗ്ഷൻ അമിതവേഗ വാഹനങ്ങളുടെ ഭീഷണിയിൽ തുടരുകയാണ്. സ്വകാര്യ ബസുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അമിതവേഗ യാത്ര മൂലം ഇവിടെ അപകടങ്ങൾ വർദ്ധിക്കുന്നതായി നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.
വർക്കല എസ്.എൻ. കോളേജ്, ശിവഗിരി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ്റിങ്ങൽ, കല്ലമ്പലം, കിളിമാനൂർ, വെഞ്ഞാറമൂട്, ഇടവ, കാപ്പിൽ, പരവൂർ, കവലയൂർ, മണമ്പൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകൾ പാലച്ചിറ ജംഗ്ഷനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും വിദ്യാർത്ഥികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന ചില സ്വകാര്യ ബസുകൾ വർക്കല മരക്കടമുക്ക് ജംഗ്ഷൻ പിന്നിട്ടാൽ പാലച്ചിറ വരെ അമിതവേഗത്തിൽ സഞ്ചരിക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. റോഡ് മുറിച്ചുകടക്കുന്ന കാൽനട യാത്രക്കാരും വിദ്യാർത്ഥികളുമാണ് കൂടുതലായി അപകട ഭീഷണി നേരിടുന്നത്.കോളേജ് വിടുന്ന സമയങ്ങളിൽ ചില ഇരുചക്ര വാഹനങ്ങളിൽ സൈലൻസറിൽ നിയമവിരുദ്ധമായ മാറ്റം വരുത്തി അമിത ശബ്ദത്തോടെ അതിവേഗത്തിൽ ഓടിക്കുന്നതും പ്രദേശവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

ഇതിനിടെ, മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധനകളുടെ രീതിയിലും നാട്ടുകാർ വിമർശനം ഉയർത്തുന്നുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക അടയാളങ്ങളുള്ള വാഹനങ്ങൾ പാലച്ചിറ ജംഗ്ഷനിൽ എത്തി പരസ്യമായി പരിശോധന നടത്തുമ്പോൾ പരിശോധനാ വിവരം ചില സ്വകാര്യ ബസ് ജീവനക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മകളിലൂടെ വേഗത്തിൽ പ്രചരിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. ഇതോടെ പതിവായി അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ പരിശോധന നടക്കുന്ന സമയത്ത് മാത്രം വേഗം കുറയ്ക്കുകയും നിയമങ്ങൾ പാലിക്കുന്നതായി തോന്നിക്കുന്ന സാഹചര്യം ഉണ്ടാകുന്നതായും അവർ പറയുന്നു.
അമിതവേഗത്തിൽ സ്ഥിരമായി സർവീസ് നടത്തുന്ന വാഹനങ്ങളെ കണ്ടെത്തണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സാധാരണ യാത്രക്കാരെ പോലെ രഹസ്യമായി നിരീക്ഷണം നടത്തുകയും അപ്രതീക്ഷിത പരിശോധനകൾ ശക്തമാക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇതിലൂടെ നിയമലംഘകരെ കണ്ടെത്തി പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാനും അമിതവേഗ യാത്രയ്ക്ക് ഫലപ്രദമായ നിയന്ത്രണം ഏർപ്പെടുത്താനും കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ജീവൻ സുരക്ഷിതമാക്കാൻ പാലച്ചിറ ജംഗ്ഷനിൽ സ്ഥിരമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ശക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികളും അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …