
വർക്കല: ശ്രീനാരായണ കോളേജിൽ ആർ എസ് എസ് ക്യാമ്പ് നടത്തിയത് ശ്രീനാരായണ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചു ഡി വൈ എഫ് ഐ വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ നാരായണ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വട്ടപ്ലാമൂട്ടിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിനോട് അനുബന്ധിച്ചു നടന്ന പ്രതിഷേധയോഗം ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് സമ്മേളനം ഉത്ഘാടനം ചെയ്തു.
നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ജാതി മത ചിന്തകൾക്കതീതമായി കേരളത്തിലെ ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തിയ ശ്രീ നാരായണ ഗുരുദേവൻ്റെ പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ആർ എസ് എസ് പോലുള്ള വർഗീയ ശക്തികൾക്ക് ക്യാമ്പ് ചെയ്യുവാനും പരിശീലനമുൾപ്പെടെ നടത്തുവാൻ സഹായം ചെയ്തത് എയിഡഡ് സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടേയോ, സംഘടനകളുടെയോ കൂടിച്ചേരലുകൾക്ക് വിലക്കുള്ള സന്ദർഭത്തിൽ നടത്തിയ നിയമലംഘനം ആണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് വരെ സന്ധിയില്ലാ സമരം തുടരുമെന്നും ഡി വൈ എഫ് ഐ വർക്കല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ലെനിൻ രാജ്, പ്രസിഡന്റ് സൂരജ് ആർ എന്നിവർ അറിയിച്ചു.
ആർ എസ് എസ് ആറ്റിങ്ങൽ സംഘ ജില്ലയുടെ വർഷ പ്രതിപദ ഉത്സവം ഇക്കഴിഞ്ഞ ഞായറാഴ്ച വർക്കല ശ്രീ നാരായണ കോളജിൽ സംഘടിപ്പിച്ചിരുന്നു.