

തിരുവനന്തപുരം: സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട യു.ഡി.എഫിനെ പരിഹസിച്ച് സി.പി.എം നേതാവ് എ.കെ.ബാലന്. സി.ബി.ഐ അന്വേഷണം വേണമെന്ന യുഡിഎഫിന്റെ ആവശ്യം മലര്‍ന്നു കിടന്നു തുപ്പുന്നതു പോലെയെന്നാണ് എ.കെ.ബാലന് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി അന്തസ്സുള്ള രാഷ്ട്രീയം പിന്തുടരുന്നതുകൊണ്ടാണ് പല കോണ്‍ഗ്രസ് നേതാക്കളും തലയില്‍ മുണ്ടിട്ടു നടക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പരാതി നല്‍കൂയെന്നാണ് യു.ഡി.എഫുകാരോട് മുഖ്യമന്ത്രി പറഞ്ഞത്. പരാതി എഴുതി തന്നാല്‍ നിയമപരമായി അതു പരിശോധിക്കും എന്നു പറഞ്ഞ് ഈ പ്രമേയം തള്ളണമെന്നു സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധാര്‍ഹമായി വാക്കൗട്ട് പോലും നടത്താത്ത പ്രതിപക്ഷം മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിക്കുകയല്ലേ പ്രതിപക്ഷം ചെയ്തത്-എ.കെ.ബാലന് ചോദിച്ചു.

ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ മുന്നിലുള്ള ഒരേയൊരു വഴി ഇതു ശരിയായ രീതിയില്‍ അന്വേഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. അതിനു തയാറുണ്ടോ എന്നുള്ളതാണു കേരളത്തിലെ ജനങ്ങളുടെ ആവശ്യം. ഈ ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദം എവിടെയെങ്കിലും അവസാനിപ്പിക്കണമല്ലോ. അദ്ദേഹം ഒന്നു ശാന്തമായി ഉറങ്ങാന്‍ പോലും ഇവര്‍ സമ്മതിക്കില്ലല്ലോ. എന്തു ക്രൂരതയാണ് ആ മനുഷ്യനോട് ഇവര്‍ ചെയ്യുന്നത് എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്- എ.കെ.ബാലന് വ്യക്തമാക്കി.

