Breaking News

മൂർഖനെ കൂട്ടിലാക്കി റോഷ്‌നി

തിരുവനന്തപുരം : ഒരു മൂർഖനും റോഷ്‌നിക്കു മുന്നിൽ പത്തിവിടർത്തില്ല. വിളച്ചിൽ കാട്ടിയാൽ പിടിച്ചു കൂട്ടിലാക്കും ഈ വനംവകുപ്പ് ജീവനക്കാരി. മൂർഖൻ പാമ്പിനെ റോഷ്‌നി പിടികൂടുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. തിരുവനന്തപുരം പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗമായ റോഷ്‌നി പാമ്പിനെ ശാസ്ത്രീയമായി പിടികൂടിയാണ് കൂട്ടിലാക്കിയത്.

കാട്ടാക്കടയിലെ ഒരു വീട്ടിൽ മൂർഖനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റോഷ്‌നിയും സംഘവും അവിടെയെത്തിയത്. തുടർന്ന് പാമ്പുപിടിത്തത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾകൊണ്ട് മൂർഖനെ പിടികൂടി ചാക്കിലാക്കി. പിന്നീട് ഇതിനെ വനത്തിൽ ‍വിട്ടു.

2017-ൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായാണ് റോഷ്‌നി ജോലിക്കു കയറിയത്. 2019-ലാണ് വനംവകുപ്പ് സുരക്ഷിതമായി എങ്ങനെ പാമ്പിനെ പിടിക്കാമെന്നതിൽ പരിശീലനം നൽകിയത്. അതിനു ശേഷം പെരുമ്പാമ്പ്, അണലി എന്നിവയുൾപ്പെടെയുള്ള പാമ്പുകളെ റോഷ്‌നി പിടികൂടി. പാമ്പുകൾ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ പെട്ടുപോകുന്നതാണെന്ന് റോഷ്‌നി പറയുന്നു. പിടികൂടുന്ന പാമ്പുകളെ അവയുടെ ആവാസവ്യവസ്ഥയിലേക്കു സുരക്ഷിതമായി എത്തിക്കും. പാമ്പിനെ പിടികൂടുന്നതിനായി ടൂൾ കിറ്റും വനംവകുപ്പ് നൽകിയിട്ടുണ്ട്. ബാഗ്, പി.വി.സി. പൈപ്പ്, കൊളുത്ത് ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് കിറ്റിലുള്ളത്. സാധാരണ പാമ്പിനെ പിടിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കാൻ അനുവദിക്കാറില്ല. കാട്ടാക്കടയിൽ അനുവാദമില്ലാതെ ആരോ എടുത്ത ദൃശ്യങ്ങളാണ് വൈറലായതെന്നും റോഷ്‌നി പറയുന്നു.

വന്യമൃഗങ്ങളെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമിലേക്ക് മാറ്റം ചോദിച്ച് വാങ്ങുകയായിരുന്നു. നിലവിൽ കുറ്റിച്ചൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലാണ് റോഷ്‌നി ജോലി ചെയ്യുന്നത്.
സഹകരണ വകുപ്പിലെ സീനിയർ ഇൻസ്പെക്ടർ സജിത് കുമാറാണ് ഭർത്താവ്. വിദ്യാർഥികളായ രണ്ടു മക്കളുമുണ്ട്. പ്രാദേശികമായി പാമ്പിനെ പിടിക്കുന്നവരും മൂന്നു വർഷം മുൻപ്‌ നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിൽ പരിശീലനം ലഭിച്ച പത്തോളം പാമ്പുപിടിത്തക്കാർ സേവനത്തിനുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *